ബെയ്ദു ഐ
ചൈനക്കാർ അങ്ങനെയാണ് എന്തിലും അവരുടെ കൈയൊപ്പ് വേണമെന്ന നിർബന്ധമുള്ളവരാണ്. ഒറ്റക്കണ്ണിലൂടെ സൈബർ ലോകത്തിന്റെ അനന്തസാദ്ധ്യതകളിലേയ്ക്ക് വാതായനം തുറക്കാൻ ഗൂഗിൾ ലോകത്തിന് സമ്മാനിച്ച ഗൂഗിൾ ഗ്ലാസിന് ചൈനക്കാരുടെ മറുപടിയാണ് ' ബെയ്ദു ഐ". ഗൂഗിൾ ഗ്ളാസിന്റെ എല്ലാ സവിശേഷതകളും അതിനേക്കാൾ മികവുറ്റതായി ബെയ്ദുവിൽ ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അണിയറയിൽ ഒരുങ്ങുന്ന ബെയ്ദു ഐ ഗൂഗിൾ ഗ്ലാസ് പോലെ തന്നെ ധരിക്കാവുന്ന മായകണ്ണടയാണ്. മറ്റൊരു പ്രത്യേകത ഗൂഗിൾ ഗ്ലാസിനെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നത് വൈഫൈ, സ്മാർട്ട് ഫോണിലെ ബ്ലൂടൂത്ത് എന്നിവ വഴിയാണെങ്കിൽ ബെയ്ദു ഐയിൽ ഇതിന് പ്രത്യേക സംവിധാനമുണ്ടാകും. അത് എന്താണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഒരു പക്ഷേ മൊബൈൽ തന്നെയോ അല്ലെങ്കിൽ മറ്റെതെങ്കിലും പുതിയ ഉപകരണമോ ആകാം. ഗൂഗിൾ ഗ്ലാസിനെക്കാൾ കുറഞ്ഞ വിലയ്ക്കായിരിക്കും ബെയ്ദു ഐ വിപണിയിലെത്തുക. ഏപ്രിൽ 15ന് അമേരിക്കയിൽ കമ്പനി വിപണിയിലിറക്കിയ ഗൂഗിൾ ഗ്ലാസിന് 90,000 രൂപയായിരുന്നു വില. ചൈനയിലെ പ്രധാന സെർച്ച് എൻജിനായ ബെയ്ദുവിന്റെ സൈബർലോകത്തെ പുത്തൻ കാൽവയ്പ്പാണ് ഈ മായക്കണ്ണട. ചൈനീസ് ഭാഷയിൽ തന്നെ വിവരങ്ങൾ നിമിഷനേരം കൊണ്ട് സെർച്ച് ചെയ്യാനും, സുഹൃത്തുകളുമായി സംസാരിക്കാനും ശബ്ദം റെക്കാഡ് ചെയ്യാനും ചിത്രങ്ങളെടുക്കാനും സാധിക്കും. ഗൂഗിൾ ഗ്ലാസിലെ പോലെ വലത് വശത്തെ പ്ലാസ്റ്റിക് പ്രതലം ടച്ച് പാഡാണ്. അതിൽ വിരൽ ചലിപ്പിച്ച് പ്രവർത്തനം നിയന്ത്രിക്കാം. അതെല്ലെങ്കിൽ ശബ്ദനിർദേശങ്ങൾ മനസിലാക്കി അതിനനുസരിച്ച് പ്രവർത്തിച്ചുകൊള്ളും.
ചൈനയുടെ സ്വന്തം ബെയ്ദു ഗൂഗിളിനെ പടിയടച്ച് പിണ്ടം വച്ച നാട്ടിൽ സെർച്ച് എൻജിനായി വിലസുന്നത് ബെയ്ദുവാണ്. ചൈനീസ് ഭാഷയിൽ ഏത് വിവരവും നിമിഷ നേരം കൊണ്ട് വിരൽത്തുമ്പിലെത്തിക്കാൻ ചൈനക്കാർ ആശ്രയിക്കുന്നത് 2000ൽ നിലവിൽ വന്ന ബെയ്ദുവിനെയാണ്. ഓഡിയോ, ഇമേജ് തുടങ്ങി 57 തരം ഫയലുകൾ അടങ്ങിയ ബെയ്ദു ബൈക്ക് ഗൂഗിളിനെ വെല്ലുന്ന സർവ്വ വിജ്ഞാന കോശമാണ്. 2012ൽ അലക്സ ഇന്റർ നെറ്റ് റാങ്കിംഗിൽ ബെയ്ദു അഞ്ചാം സ്ഥാനത്തായിരുന്നു. 740 മില്ല്യൻ വെബ് പേജസ്, 80 മില്ല്യൻ ചിത്രങ്ങൾ, 10 മില്ല്യൻ ഫയൽസ് എന്നിവ ബെയ്ദുവിന്റെ നട്ടെല്ലാണ്. ബെയ്ദുവിന്റെ കുറഞ്ഞ നിരക്കിലുള്ള സ്മാർട്ട് ഫോണായ ചാങ്ഹോംങ് എച്ച് 5018 ഇതിനകം ചൈനീസ് വിപണി കീഴടക്കി കഴിഞ്ഞു. |
|
No comments:
Post a Comment