Friday, August 12, 2011

കൂടുതല്‍ മേഖലകളില്‍ കലാപം; മലയാളികള്‍ പലായനം ചെയ്യുന്നു

കൂടുതല്‍ മേഖലകളില്‍ കലാപം; മലയാളികള്‍ പലായനം ചെയ്യുന്നു


ലണ്ടന്‍: ഉത്തരലണ്ടനില്‍ ആരംഭിച്ച കലാപം ബ്രിട്ടനില്‍ മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന മറ്റിടങ്ങളിലേക്കു കൂടി വ്യാപിച്ചതോടെ പലരും വീടുവിട്ട്‌ സുരക്ഷിത സ്‌ഥാനങ്ങളിലേക്കു പലായനം ചെയ്‌തു തുടങ്ങി.

ക്രോയ്‌ഡോണിനു പുറമേ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലീഡ്‌സിലേക്കും മാഞ്ചസ്‌റ്ററിലേക്കും ബര്‍മിങ്‌ഹാമിലേക്കും മറ്റും കലാപം പടര്‍ന്നതോടെ മലയാളി സമൂഹം ആശങ്കയിലായി. മലയാളികള്‍ ഏറെയുള്ള സാല്‍ഫോര്‍ഡിലും വ്യാപകമായി അക്രമം തുടരുകയാണ്‌. ഏഴു മലയാളികള്‍ കലാപത്തിനിരയായി. വര്‍ക്കല സ്വദേശി ജോഷിയുടെ വീട്‌ കത്തിനശിച്ചു. മലയാളി നഴ്‌സുമാര്‍ക്കു നേരേയും ആക്രമണം നടന്നു.

ക്രോയിഡോണിലെ മേയ്‌ ഡേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളി നഴ്‌സുമാരാണ്‌ ആക്രമിക്കപ്പെട്ടത്‌. അക്രമികള്‍ ഇവര്‍ക്കു നേരേ കുപ്പിച്ചില്ല്‌ എറിയുകയായിരുന്നു. ഇവര്‍ കഴിയുന്ന വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുകയാണ്‌. ആദ്യദിവസങ്ങളില്‍ അഞ്ചു മലയാളികള്‍ ആക്രമിക്കപ്പെട്ടിരുന്നു. കലാപം വ്യാപിച്ചതോടെ സമീപ പ്രദേശങ്ങളിലുള്ള പത്തോളം മലയാളി നഴ്‌സുമാര്‍ ഒരുമിച്ച്‌ ഒരു വീട്ടിലാണു രാത്രി കഴിച്ചുകൂട്ടിയത്‌.

ക്രോയിഡോണ്‍, ഈസ്‌റ്റ് ഹാം എന്നിവിടങ്ങളില്‍ മലയാളികളില്‍ പലരും ഭയചകിതരായി വീടിനുള്ളില്‍ത്തന്നെ കഴിയുകയാണ്‌. ക്രോയിഡോണിലും ഈസ്‌റ്റ് ഹാമിലുള്ള മലയാളികളില്‍ നിരവധി പേര്‍ വീടുപേക്ഷിച്ച്‌ ദൂരസ്‌ഥലങ്ങളിലുള്ള സുഹൃത്തുക്കളുടെ വീടുകളിലേക്കു താമസം മാറിയിരിക്കുകയാണ്‌. കടകമ്പോളങ്ങള്‍, ബാങ്ക്‌, പോസ്‌റ്റ് ഓഫീസ്‌ എന്നിവയെല്ലാം നേരത്തേ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ക്രോയിഡോണിലെ വിബി സ്‌റ്റോര്‍ ഉടമ ബിനു, മെഴ്‌സിസൈഡ്‌ ജോര്‍ജില്‍ ജീവനക്കാരന്‍ ഉണ്ണി, തിരുവല്ല ഓടയ്‌ക്കല്‍പറമ്പില്‍ ബിനു മാത്യു, ബന്ധു കൊല്ലം കുണ്ടറ നല്ലില മാവിളവില്ലയില്‍ അനീഷ്‌ ജോണ്‍, ഐ ടി എന്‍ജിനീയര്‍ കൊല്ലം മുഖത്തല ഇറക്കത്തില്‍ കിം ജേക്കബ്‌ എന്നിവര്‍ക്കാണു നേരത്തേ പരുക്കേറ്റത്‌.

ക്രോയിഡോണില്‍ ബിനുവിന്റെ ഉടമസ്‌ഥതയിലുള്ള വിബി സ്‌റ്റോഴ്‌സ് എന്ന സൂപ്പര്‍മാര്‍ക്കറ്റ്‌ പൂര്‍ണമായും കൊള്ളയടിച്ചു. കടയടച്ചു വീട്ടിലേക്കു പോകാനൊരുങ്ങിയ ബിനുവിനെയും അനീഷിനെയും തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നു. വാന്‍ കത്തിച്ചു. അനീഷിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്‌.

ലണ്ടനിലെ റോംഫഡ്‌ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്കു പോകുന്ന വഴിയാണു കിം ജേക്കബിനെ ഒരു സംഘം ആക്രമിച്ചത്‌. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്ന സംഘം കിമ്മിനെ മര്‍ദിച്ചു.

ക്രൊയ്‌ഡോണില്‍ ബിനുവിന്റെ കടയ്‌ക്കു സമീപമുള്ള യു.എ.ഇ. എക്‌സ്ചേഞ്ചും കൊള്ളയടിച്ചു. ഇവിടെ ഇരുപതോളം മലയാളികള്‍ താമസിക്കുന്ന ഫ്‌ളാറ്റിനും അക്രമികള്‍ തീവച്ചു. പാസ്‌പോര്‍ട്ട്‌ ഉള്‍പ്പെടെയുള്ള രേഖകള്‍ കത്തിനശിച്ചതായി പറയപ്പെടുന്നു. ക്രൊയ്‌ഡോണിലെ മെയ്‌ഡേ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഒട്ടേറെ മലയാളികള്‍ ജോലിചെയ്യുന്നുണ്ട്‌.

പണമിടപാടു സ്‌ഥാപനങ്ങള്‍, ഇലക്‌ട്രോണിക്‌ സ്‌ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവയെല്ലാം കൊള്ളയടിച്ചിട്ടുണ്ട്‌. ക്രോയ്‌ഡോണില്‍ വര്‍ക്കല സ്വദേശി ജോഷിയുടെ വാടകവീടാണ്‌ അക്രമികള്‍ തീവച്ചു നശിപ്പിച്ചത്‌. തിങ്കളാഴ്‌ച രാത്രിയാണു ലണ്ടന്‍ റോഡിലുള്ള ജോഷിയുടെ വീട്‌ ആക്രമിക്കപ്പെട്ടത്‌.

No comments:

Post a Comment