Wednesday, August 3, 2011

brusily

വേഗതകൊണ്ടും കരുത്തുകൊണ്ടും സ്ക്രീനില്‍ അത്ഭുതങ്ങള്‍ പ്രകടിപ്പിച്ച ബ്രൂസ്ലി ആരാധകരുടെ മനസില്‍ എന്നും മരിക്കാത്ത ഓര്‍മയാണ്. കുങ്ഫു എന്ന ആയോധന കലയെ ലോകപ്രശസ്തമാക്കിയ ബ്രൂസ്ലിയെ സ്നേഹിക്കുന്നവര്‍ ഏറ്റവുംകൂടുതലുള്ളത് ആ കായികാഭ്യാസത്തിന്‍റെ നാടായ ചൈനയിലും ഹോങ്കോങ്ങിലുമാണ്. ജീവിതത്തിലേയും സിനിമയിലേയും സാഹസികതകള്‍ മുഴുമിക്കാതെയാണ് 1973ല്‍ മുപ്പത്തിരണ്ടാമത്തെ വയസില്‍ ബ്രൂസ്ലി വിട പറഞ്ഞത്. ആ വേര്‍പാടുണ്ടാക്കിയ വിടവു നികത്താന്‍ പിന്നീടാര്‍ക്കും കഴിയില്ലെന്നു വിലപിച്ച ആരാധകര്‍ ബ്രൂസ്ലി സ്മാരക മന്ദിരവും ഫാന്‍സ് അസോസിയേഷനും രൂപീകരിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രൂസ്ലി എന്ന താരം വിട്ടുപിരിഞ്ഞിട്ട് മുപ്പത്തെട്ടു വര്‍ഷം കഴിയുമ്പോഴും പേരിനും പ്രശസ്തിക്കും യാതൊരു കോട്ടവും തട്ടിയിട്ടില്ല. കുങ്ഫുവിന്‍റെ തമ്പുരാനോടുള്ള സ്നേഹം കൂടിയിട്ടേയുള്ളൂ. ബ്രൂസ്ലി എഴുതിയ ഒരു കത്തും അണിഞ്ഞ കോട്ടും ലേലത്തിനു വയ്ക്കുന്നുവെന്നു കേട്ടപ്പോള്‍ അതു വാങ്ങാനെത്തിയ ആരാധകരുടെ തിരക്ക് ഇതിനു തെളിവ്.

ഗ്രീന്‍ ഹോണെറ്റ് എന്ന ടെലിവിഷന്‍ പരമ്പരയെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് നാല്‍പ്പത്തഞ്ചു വര്‍ഷം മുമ്പ് ബ്രൂസ്ലി എഴുതിയ ഒരു കത്ത് ഉള്‍പ്പെടെ പതിമൂന്നു വസ്തുക്കളാണ് ഹോങ്കോങ്ങില്‍ അടുത്ത ദിവസം ലേലം ചെയ്യുന്നത്. അമ്പതു ലക്ഷം രൂപ യാണ് പ്രതീക്ഷിക്കുന്ന തുക. അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് ഹോങ്കോങ്ങില്‍ താമസിക്കുന്ന സമയത്ത് ബ്രൂസ്ലി ഉപയോഗിച്ച വസ്ത്രവും എഴുതിയ കത്തുമാണിത്. സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് ചലച്ചിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്നതാണ് ഈ കത്തെന്നു പറയുന്നു ബ്രൂസ്ലി ഫാന്‍സ് ക്ലബ്ബിന്‍റെ ചെയര്‍മാന്‍ വോങ് യു ക്യൂങ്.

അമേരിക്കാസ് കെല്ലര്‍ ഓക്ഷന്‍സ്, ചൈനയിലെ ഫില ചൈന എന്നീ ലേലക്കമ്പനികളാണ് ബ്രൂസ്ലി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഈ മാസം പത്തിന് ലേലത്തിനെത്തിക്കുന്നത്.

No comments:

Post a Comment