Saturday, December 31, 2011

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ വരുത്തിവെയ്‌ക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്‌ ഏവര്‍ക്കും അറിവുള്ളതാണ്‌. കുട്ടികളെയും പ്രായമായവരെയും ഗര്‍ഭിണികളെയുമാണ്‌ മൊബൈല്‍ റേഡിയേഷന്‍ ഏറ്റവുമധികം ബാധിക്കുന്നത്‌. എന്നാല്‍ ഓരോ മൊബൈല്‍ഫോണും പുറത്തുവിടുന്ന റേഡിയേഷന്റെ തീവ്രത ഭൂരിഭാഗം പേര്‍ക്കും അറിയില്ല. ഇതിന്‌ ഒരു പോംവഴി സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിരിക്കുകയാണ്‌.

ഇനിമുതല്‍ പുതിയ മൊബൈല്‍ഫോണിനൊപ്പം അതിന്റെ റേഡിയേഷനെക്കുറിച്ചുള്ള വിവരങ്ങളും നല്‍കണമെന്നാണ്‌ വ്യവസ്ഥ. ഇതിനായി ഇലക്‌ട്രോ മാഗ്‌നെറ്റിക്‌ ഫ്രീക്വന്‍സി സംബന്ധിച്ച വിവരം ഒരു ടാഗായി പുതിയ മൊബൈലിനൊപ്പം നല്‍കണമെന്നാണ്‌ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. മൊബൈലിന്റെ റേഡിയോ ഫ്രിക്വന്‍സി നമ്മുടെ ശരീരം പിടിച്ചെടുക്കുന്നതിന്റെ തോതിനെ സ്‌പെസിഫിഗ്‌ അബ്‌സോര്‍പ്‌ഷന്‍ റേറ്റ്‌(എസ്‌ ഐ ആര്‍) എന്നാണ്‌ പറയുന്നത്‌. ഇതും ടാഗിലുണ്ടായിരിക്കണം. നിലവില്‍ ഇന്ത്യയില്‍ പരമാവധി 2 വാട്ട്‌/ കിലോഗ്രാം എസ്‌ എ ആര്‍ അളവിലുള്ള മൊബൈല്‍ഫോണുകളാണ്‌ പുറത്തിറക്കുന്നത്‌. എന്നാല്‍ എപ്പോഴും എസ്‌ എ ആര്‍1.6 വാട്ട്‌/ കിലോഗ്രാമില്‍ കുറവായിരിക്കണമെന്നതാണ്‌ വ്യവസ്ഥ. എസ്‌ എ ആര്‍ തോത്‌ കൂടുതലുള്ള ഫോണ്‍ ഉപയോഗിച്ചാല്‍ റേഡിയേഷന്‍ വഴി നശിക്കപ്പെടുന്ന ശരീരകലകളുടെ എണ്ണം കൂടുതലായിരിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച്‌ എസ്‌ എ ആര്‍ തോത്‌ മൊബൈല്‍ഫോണിനൊപ്പം ടാഗായും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തിയിരിക്കണം. ഇതിലൂടെ ഉപഭോക്‌താവിന്‌ റേഡിയേഷന്‍ കുറഞ്ഞ ഫോണ്‍ തെരഞ്ഞെടുക്കാന്‍ എളുപ്പമാകും. ഒരു പരിധിവരെ മൊബൈല്‍ റേഡിയേഷന്‍ വഴിയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത്‌ സഹായക്കുമെന്നും വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ ഇന്ത്യയില്‍ 900 മില്യണിലധികം മൊബൈല്‍ ഫോണ്‍ ഉപഭോക്‌താക്കള്‍ ഉള്ളതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അതേസമയം സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം നടപ്പിലായാല്‍ മോട്ടറോള, എച്ച്‌ ടി സി കമ്പനികളുടെ ഹാന്‍ഡ്‌ സെറ്റുകളുടെ വില്‍പനയെ ബാധിക്കുമെന്നാണ്‌ ഈ രംഗത്തെ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്‌. കാരണം മറ്റു കമ്പനികളുടെ ഫോണുകളെ അപേക്ഷിച്ച്‌ മോട്ടറോള, എച്ച്‌ ടി സി എന്നിവയുടെ ചില മോഡലുകള്‍ക്ക്‌ എസ്‌ എ ആര്‍ തോത്‌ വളരെ കൂടുതലാണ്‌.


No comments:

Post a Comment