Tuesday, June 14, 2011

സലിം കുമാറിന് അര്‍ഹിച്ച അംഗീകാരം തന്നെ: മമ്മുട്ടി

സലിം കുമാറിന് അര്‍ഹിച്ച അംഗീകാരം തന്നെ: മമ്മുട്ടി

salimkumar-epathram

എറണാകുളം: ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹന്‍ സലിം കുമാര്‍ തന്നെയായിരുന്നെന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും മലയാളത്തിന്റെ പ്രിയ താരം മെഗാസ്റ്റാര്‍ മമ്മുട്ടി പറഞ്ഞു. എറണാകുളം മഹാരാജാസ്‌ കോളേജില്‍ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സലിം കുമാറിനു നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം പൊതുവേ വെച്ചു പുലര്‍ത്തുന്ന നായക സങ്കല്‍പ്പങ്ങളോട് യോജിക്കാത്ത രൂപങ്ങള്‍ ആയിരുന്നിട്ടും ഭരത് ഗോപി, പ്രേംജി, ബാലന്‍.കെ.നായര്‍ എന്നിവര്‍ക്ക് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്, ഇവരാരും സ്ഥിരം നായകവേഷം ചെയ്യുന്നവരായിരുന്നില്ല, അതുകൊണ്ട് തന്നെ ദേശീയ അവാര്‍ഡ് പരമ്പരാഗത രീതിയില്‍ നിന്നും വ്യതിചലിച്ചു എന്ന വാദത്തോട്‌ യോജിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാജാസിന്റെ ഉപഹാരം മമ്മുട്ടിയില്‍ നിന്നും സലിം കുമാര്‍ ഏറ്റുവാങ്ങി. മറുപടി പ്രസംഗം നടത്തിയ സലിം കുമാര്‍ കോളേജ്‌ കാല അനുഭവവും കഷ്ടപ്പാടും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞപ്പോള്‍ സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. താന്‍ ഇപ്പോള്‍ ഇവിടെ ഇങ്ങനെ നില്ക്കാന്‍ കാരണം മുന്‍ പ്രിന്‍സിപ്പാള്‍ ആയിരുന്ന ഭരതന്‍ മാസ്റ്റര്‍ എന്ന വലിയ മനുഷ്യന്റെ അനുഗ്രഹം കൊണ്ടാണെന്നും സലിം കുമാര്‍ അനുസ്മരിച്ചു. മഹാരാജാസ്‌ കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘമാണ് സ്വീകരണയോഗം സംഘടിപ്പിച്ചത്. മഹാരാജാസ്‌ പൂര്‍വവിദ്യാര്‍ഥി സംഘത്തിന്റെ പ്രസിഡന്റും കാര്‍ഷിക സര്‍വകലാശാല വൈസ്‌ ചാന്‍സലറുമായ ഡോ: കെ. ആര്‍. വിശ്വംഭരന്‍ അധ്യക്ഷനായിരുന്നു. തിരക്കഥാകൃത്ത് ജോണ്പോള്‍ മുഖ്യപ്രഭാഷണം നടത്തി. പി. രാജീവ്‌ എം.പി. സലിം കുമാറിനെ അനുമോദിച്ചുകൊണ്ട് പ്രസംഗിച്ചു. മഹാരാജാസിന്റെ താരങ്ങളായ അന്‍വര്‍ റഷീദ്‌, ബിജു നാരായണന്‍, ഷിബു ചക്രവര്‍ത്തി, ടിനിടോം, കെ. എസ്. പ്രസാദ്‌, കലാഭവന്‍ അന്‍സാര്‍, സരയൂ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്തു.

No comments:

Post a Comment