Sunday, August 7, 2011


ഖത്തര്‍ തൊഴില്‍ മന്ത്രാലയം വിസ നിയന്ത്രണ നടപടികള്‍ക്ക് തുടക്കമിടുന്നു


1

ദോഹ: കമ്പനികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിബന്ധനകളുമേര്‍പ്പെടുത്താന്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം നീക്കങ്ങളാരംഭിച്ചു. കമ്പനികള്‍ ഇഷ്ടാനുസരണം വിസ സമ്പാദിച്ച് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ മുന്നോടിയായിട്ടാണിത്.
തൊഴിലാളികളുടെ അവകാശങ്ങള്‍ അനുവദിക്കുന്നുണ്ടോ എന്നും അവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ കമ്പനികള്‍ നല്‍കുന്നുണ്ടോ എന്നും പരിശോധിച്ചശേഷമേ പുതിയ വിസ അനുവദിക്കു എന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
വിസയ്ക്ക് അപേക്ഷിക്കുന്ന കമ്പനികളുടെ മൂന്നുമാസത്തെ ശമ്പളപട്ടികാ ഷീറ്റ് സമര്‍പ്പിക്കണമെന്ന നിര്‍ബന്ധ നിയമം നടപ്പാക്കാന്‍ മന്ത്രാലയം ആലോചിക്കുന്നുണ്ട്. കമ്പനികള്‍ക്ക് തൊഴിലാളികളെ ആവശ്യമുണ്ടോ എന്ന് മനസ്സിലാക്കി മാത്രമാണ് വിസ അനുവദിക്കുക. വിസ സമ്പാദിച്ച് കമ്പനികള്‍ മറ്റ് ലക്ഷ്യങ്ങള്‍ക്കുപയോഗിക്കുത് തടയുന്നതിനാണ് ഇത്.
വിസ അനുവദിക്കുന്നതിനു മുമ്പായി തൊഴിലാളികളുടെ ആവശ്യകതയെക്കുറിച്ച് പഠിക്കുകയും തൊഴിലാളികള്‍ക്കനുയോജ്യമായ താമസ സൗകര്യങ്ങളുണ്ടോയെന്നും മന്ത്രാലയം പരിശോധിക്കും.
തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളുടെ താമസസൗകര്യം തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടുവന്ന് പരിശോധിച്ചശേഷം മാത്രമാണ് കമ്പനികള്‍ക്ക് വിസ അനുവദിക്കൂ എന്ന് തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
തൊഴില്‍നിയമപ്രകാരമുള്ള ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ ജോലിസ്ഥലത്തുണ്ടോയെന്നും പരിശോധിക്കും. സ്വദേശികള്‍ കമ്പനികള്‍ക്കാവശ്യമുള്ള തൊഴില്‍ സാധ്യതകളില്‍ ലഭ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ ദേശത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനനുവദിക്കുകയുള്ളൂ.
തൊഴില്‍ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ എളുപ്പം ലഭ്യമാക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ സര്‍വീസ് കേന്ദ്രങ്ങള്‍ തുറക്കും. അല്‍ഖോര്‍, അല്‍ ദുഖൈസ്, അല്‍ഷിമാല്‍, അല്‍ഷഹാനിയ, മിസൈമീര്‍ തുടങ്ങിയ കേന്ദ്രങ്ങളിലും ശാഖകള്‍ തുറക്കും.
ദോഹാ പട്ടണത്തിന് പുറത്തുള്ളവര്‍ക്ക് തൊഴില്‍ വകുപ്പിന്റെ അറ്റസ്റ്റേഷനും മറ്റു സൗകര്യങ്ങളും എളുപ്പം ലഭ്യമാക്കാനും ഓഫീസുകളിലുള്ള ജനത്തിരക്ക് കുറയ്ക്കാനുമുള്ള നടപടികളാരംഭിച്ചതായി വക്താവ് വെളിപ്പെടുത്തി.
കമ്പനികളുടെയും വ്യക്തികളുടെയും വിസാ അപേക്ഷകളും തൊഴില്‍ റിക്രൂട്ട്‌മെന്റ് അപേക്ഷകളും ശാഖകളില്‍ സ്വീകരിക്കും.

No comments:

Post a Comment