Friday, August 26, 2011

വിദ്യാഭ്യാസത്തില്‍ പരീക്ഷയുടെ പ്രസക്തി
എം എ ബേബി

പരീക്ഷകളെക്കുറിച്ച് ഗൗരവമേറിയ നിരീക്ഷണങ്ങള്‍ 2005 ലെ ദേശീയ പാഠ്യപദ്ധതിചട്ടക്കൂട് നടത്തിയിട്ടുണ്ട്. അതില്‍ ഇപ്രകാരം പറയുന്നു: "ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ മൂല്യനിര്‍ണയം എന്ന് പറഞ്ഞാല്‍ പരീക്ഷ, മാനസികസംഘര്‍ഷം, ഉല്‍ക്കണ്ഠ എന്നിവയാണ്. പാഠ്യപദ്ധതി നിര്‍വചിക്കാനും പരിഷ്കരിക്കാനും വേണ്ടി നടത്തുന്ന എല്ലാ പ്രയത്നവും വിദ്യാഭ്യാസ സമ്പ്രാദായത്തില്‍ നിലനില്‍ക്കുന്ന പരീക്ഷയുടെയും മൂല്യനിര്‍ണയത്തിന്റെയും പാറയില്‍ ചെന്നിടിച്ച് നിഷ്ഫലമാകും. പഠനവും അധ്യാപനവും അര്‍ഥപൂര്‍ണവും കുട്ടികള്‍ക്ക് ആനന്ദപ്രദവുമാക്കുന്നതിനുള്ള യത്നത്തില്‍ പരീക്ഷകള്‍ ചെലുത്തുന്ന ദുഃസ്വാധീനത്തെക്കുറിച്ച് ഞങ്ങള്‍ ഉല്‍ക്കണ്ഠാകുലരാണ്. ഇപ്പോള്‍ പ്രീപ്രൈമറി സ്കൂള്‍ മുതല്‍ തന്നെ അധ്യയനവര്‍ഷത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റുകളും വിലയിരുത്തലുകളും ഒക്കെ ബോര്‍ഡ് പരീക്ഷയുടെ ദുഃസ്വാധീനഫലമാണ്. ഒരു നല്ല മൂല്യനിര്‍ണയരീതിയും പരീക്ഷാസമ്പ്രദായവും പഠനപ്രക്രിയയുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഭാഗമാണ്. അത് യഥാര്‍ഥത്തില്‍ പഠിതാക്കള്‍ക്ക് മാത്രമല്ല ഗുണകരമാകുന്നത്, വിശ്വാസയോഗ്യമായ പ്രതികരണം ലഭ്യമാകുന്നതുകൊണ്ട് വിദ്യാഭ്യാസ സമ്പ്രദായത്തിനും ഗുണകരമാകും" (ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് -2005, ഖണ്ഡിക 3.11).

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുഗുണമായി കേരളീയാനുഭവങ്ങളുംകൂടി ഉള്‍ച്ചേര്‍ത്ത് ജനകീയമായ ചര്‍ച്ചകളിലൂടെ വികസിപ്പിച്ചതാണ് കേരളപാഠ്യപദ്ധതി ചട്ടക്കൂട്-2007. ഇതില്‍ മൂല്യനിര്‍ണയത്തെ സമീപിക്കുന്നത് എങ്ങനെയെന്ന് നോക്കാം. "വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്." ഇത്തരം നിരീക്ഷണങ്ങള്‍ക്കൊടുവില്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടുവയ്ക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇവയാണ്. 1) നിരന്തര മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ എല്‍പി തലത്തില്‍ വാര്‍ഷികപ്പരീക്ഷമാത്രം മതിയാകും. 2) യുപി തലത്തില്‍ വാര്‍ഷികപ്പരീക്ഷയ്ക്ക് പുറമെ ഒരു ചെറിയ എഴുത്തുപരീക്ഷ അക്കാദമിക വര്‍ഷത്തിന്റെ മധ്യത്തില്‍ നടത്താവുന്നതാണ്. 3) കുട്ടിക്ക് തന്റെ പഠനാനുഭവങ്ങള്‍ അധ്യാപകനുമായി ചര്‍ച്ചചെയ്യാനും അധ്യാപകര്‍ കണ്ടെത്തിയ മികവുകളും പരിമിതിയും കുട്ടികളുമായി പങ്കുവയ്ക്കാനും നിരന്തരമൂല്യനിര്‍ണയം സഹായകമാകണം. 4) ഹൈസ്കൂളില്‍ നിരന്തരമൂല്യനിര്‍ണയത്തിന്റെ ഭാഗമായി നടത്തുന്ന വിലയിരുത്തലും ഒരു അര്‍ധവാര്‍ഷിക പരീക്ഷയും വര്‍ഷാന്ത പരീക്ഷയ്ക്ക് പുറമെ നടത്താം. ഇതേ രീതി ഹയര്‍സെക്കന്‍ഡറിയിലും തുടരാം. 5) മറ്റ് നാടുകളിലെ വിദ്യാഭ്യാസപ്രവണതകളെക്കുറിച്ചും മൂല്യനിര്‍ണയ രീതികളെക്കുറിച്ചും രക്ഷിതാക്കള്‍ , അധ്യാപകര്‍ , മാധ്യമങ്ങള്‍ എന്നിവരെ പരിചയപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കണം. 6) 200 സാധ്യായ ദിവസം ഉറപ്പാക്കത്തക്ക വിധത്തില്‍ പൊതുപരീക്ഷാസമയം ക്രമീകരിക്കേണ്ടതാണ്.

അക്കാദമിക സമൂഹവും പൊതുസമൂഹവും ചര്‍ച്ചചെയ്യുകയും കരിക്കുലം കമ്മിറ്റി പലതവണ ആഴത്തിലുള്ള ചര്‍ച്ച നടത്തി അംഗീകരിക്കുകയുംചെയ്ത കേരള പാഠ്യപദ്ധതി ചട്ടക്കൂട്-2007 ന് അനുസൃതമായാണ് സംസ്ഥാനത്ത് മൂല്യനിര്‍ണയരീതിയില്‍ പരിവര്‍ത്തനം വരുത്തിയത്. നിലവിലുണ്ടായിരുന്ന മൂല്യനിര്‍ണയ രീതികളിലുള്ള അശാസ്ത്രീയ അംശങ്ങളെ ഒഴിവാക്കി മൂല്യനിര്‍ണയത്തെ കൂടുതല്‍ ശാസ്ത്രീയമാക്കുകയും കാര്യക്ഷമമാക്കുകയുമാണ് ചെയ്തത്. വിലയിരുത്തല്‍ പ്രക്രിയയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തി. കേരളത്തില്‍ വന്ന മാറ്റങ്ങളെ ദേശീയതലത്തില്‍ സമീപിക്കുന്നത് ഇപ്രകാരമാണ്: "മൂല്യനിര്‍ണയ പ്രവര്‍ത്തനത്തിന് താല്‍പ്പര്യമുണ്ടാക്കുന്ന വിധത്തിലായിരിക്കണം പരീക്ഷകള്‍ രൂപകല്‍പ്പന ചെയ്യേണ്ടത്. ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പ് പരിസ്ഥിതി സൗഹാര്‍ദപരമായും കുട്ടികളെ ഭയപ്പെടുത്താതെയും ചര്‍ച്ച, പാട്ട്, കളി തുടങ്ങിയവ സംഘടിപ്പിക്കാവുന്നതാണ് (2.8 സെക്ഷനില്‍). കേരളത്തില്‍ പിന്തുടരുന്ന മാതൃക ഇതാണ്" (എന്‍സിഇആര്‍ടി-സോഴ്സ് ബുക്ക് ഓഫ് അസസ്മെന്റ് ഫോര്‍ ക്ലാസസ് ഒന്ന്-പത്ത്. എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്-പേജ് 99; ഒക്ടോബര്‍ 2008-ഒന്നാം എഡിഷന്‍). 1997ല്‍ കേരളത്തില്‍ ആരംഭിക്കുകയും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലത്ത് തുടരുകയും അക്കാദമിക വിദഗ്ധരും ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകളും അംഗീകരിക്കുകയുംചെയ്ത മൂല്യനിര്‍ണയരീതിയില്‍നിന്ന് പിന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളീയാനുഭങ്ങള്‍ എങ്ങനെ മാതൃകയാക്കി എന്നത് ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി അറിയേണ്ടതുണ്ട്. പുസ്തകഭാരത്തെക്കുറിച്ച് സാഹിത്യകാരന്‍ ആര്‍ കെ നാരായണന്റെ രാജ്യസഭാപ്രസംഗം പ്രശസ്തമാണ്. തുടര്‍ന്ന് നിയോഗിക്കപ്പെട്ട യശ്പാല്‍ കമ്മിറ്റിയും ഇത് സംബന്ധിച്ച മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കമീഷനെ ഏത് സര്‍ക്കാരാണോ നിയോഗിച്ചത് എന്നുനോക്കിയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ സമീപിച്ചത്. പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി 100 പേജില്‍ കൂടുതലുള്ള പാഠപുസ്തകങ്ങളെ രണ്ടാക്കി മാറ്റി. 1986 ലെ നാഷണല്‍ പോളിസി ഓണ്‍ എഡ്യൂക്കേഷനും മറ്റ് കമീഷന്‍ റിപ്പോര്‍ട്ടുകളും മുന്നോട്ടുവച്ച സെമസ്റ്റര്‍ രീതി മറ്റൊരു തരത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി. ഒന്നാമത്തെ പാഠപുസ്തകം പഠിപ്പിച്ചുതീരുന്ന ഘട്ടത്തില്‍ അര്‍ധവാര്‍ഷികപ്പരീക്ഷ ഏര്‍പ്പെടുത്തി. 2008-09 അക്കാദമിക വര്‍ഷം ഇത് നടപ്പാക്കി. കേരളപാഠ്യപദ്ധതി ചട്ടക്കൂട്-2007ലെ കാഴ്ചപ്പാടിന് അനുഗുണമായാണ് ഈ രീതി അവലംബിച്ചത്. അക്കാദമിക പിന്തുണയോടുകൂടിയുള്ള സര്‍ക്കാരിന്റെ തീരുമാനമായിരുന്നു ഇത്. സംസ്ഥാനത്ത് അനുവര്‍ത്തിച്ച പുതിയ മൂല്യനിര്‍ണയരീതി ദേശീയതലത്തിലും ചലനങ്ങളുണ്ടാക്കി. എന്‍സിഇആര്‍ടിയുടെ കാഴ്ചപ്പാടിനകത്ത് നിന്നുകൊണ്ട് കേന്ദ്രീയവിദ്യാലയങ്ങളിലടക്കം പരീക്ഷ നടത്തുന്ന സിബിഎസ്ഇ 2009-10 അക്കാദമിക വര്‍ഷം മുതല്‍ നിരന്തരമൂല്യനിര്‍ണയം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി അക്കാദമികവര്‍ഷത്തെ രണ്ട് ടേമുകളാക്കി മാറ്റി. ഏപ്രില്‍ -സെപ്തംബര്‍ ഒന്നാം ടേമും, ഒക്ടോബര്‍ -മാര്‍ച്ച് രണ്ടാം ടേമും. ടേമുകളുടെ അവസാനം ടേം പരീക്ഷകള്‍ നടക്കും. ടേം പരീക്ഷകള്‍ക്കിടയില്‍ അധ്യാപകര്‍ നടത്തുന്ന നിരന്തര മൂല്യനിര്‍ണയംമാത്രമേ ഉണ്ടാകൂ. 60 ശതമാനം വെയിറ്റേജ് ടേം മൂല്യനിര്‍ണയത്തിനും 40 ശതമാനം വെയിറ്റേജ് അധ്യാപകര്‍ ക്ലാസ്മുറിയില്‍ നടത്തുന്ന നിരന്തര മൂല്യനിര്‍ണയത്തിനും നല്‍കും. 10-ാം ക്ലാസില്‍ സിബിഎസ്ഇ തയ്യാറാക്കുന്ന ബാഹ്യ ചോദ്യപേപ്പര്‍ ഉപയോഗിച്ചുള്ള പരീക്ഷപോലും ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. സ്കൂളുകള്‍ തയ്യാറാക്കുന്ന മൂല്യനിര്‍ണയ ഉപാധിപ്രകാരം പരീക്ഷകള്‍ അഭിമുഖീകരിക്കുകയാണ് സിബിഎസ്ഇ സ്കീമിലുള്ള വിദ്യാര്‍ഥികള്‍ . ഇങ്ങനെ മൂല്യനിര്‍ണയ രംഗത്ത് ആധുനിക സങ്കേതങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്ന ഘട്ടത്തിലാണ് ഒരു അക്കാദമിക പിന്തുണയുമില്ലാതെ, ലാഘവത്തോടെയും സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയും യുഡിഎഫ് പിന്നോട്ടുപോയത്. 2001 ല്‍ നടപ്പാക്കിക്കൊണ്ടിരുന്ന പാഠ്യപദ്ധതി പിന്‍വലിച്ചതിന് സമാനമായ അവസ്ഥയാണിത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് എതിരാണെന്നും അതുകൊണ്ടുതന്നെ ആ തീരുമാനങ്ങള്‍ തങ്ങള്‍ തിരുത്തിയിരിക്കുന്നു എന്നുമുള്ള കുപ്രചാരണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ലോകത്ത് വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയില്‍ എങ്ങനെ ഉള്‍ച്ചേര്‍ക്കണം എന്ന് പഠിച്ച് പറയാന്‍ ബാധ്യതപ്പെട്ട അധ്യാപക സംഘടനകളില്‍ ചിലത് രാഷ്ട്രീയ അന്ധതമൂലമോ അജ്ഞതമൂലമോ വിദ്യാഭ്യാസരംഗത്ത് പൊതുവെയും മൂല്യനിര്‍ണയരംഗത്ത് പ്രത്യേകിച്ചും ലോകമെമ്പാടും അംഗീകരിക്കുകയും ദേശീയ സര്‍ക്കാര്‍ ഉള്‍പ്പെടെ നടപ്പാക്കിത്തുടങ്ങിയതുമായ മാറ്റങ്ങള്‍പോലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കി എന്ന ഒറ്റക്കാരണത്താല്‍ എതിര്‍ക്കുകയാണ്. 1957ല്‍ ഇ എം എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ അധ്യാപകരായിരുന്നു. ഇതിന്റെ ഭാഗമായാണ് മാനേജര്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വേതനം നല്‍കുന്ന അവസ്ഥ മാറി നേരിട്ട് സര്‍ക്കാര്‍ ഖജനാവില്‍നിന്നും അധ്യാപകര്‍ക്ക് ശമ്പളം ലഭ്യമായിത്തുടങ്ങിയതും സ്കെയില്‍ അനുവദിച്ചതും. ഈ തീരുമാനമെടുത്ത സര്‍ക്കാരിനെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരില്‍ വിമോചനസമര&ൃെൂൗീ; ശക്തിയുമായി ചേര്‍ന്ന് അട്ടിമറിക്കുന്നതിന് ഒരു വിഭാഗം അധ്യാപകരും കൂട്ടുനിന്നു. അവരുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ശാസ്ത്രീയ വിദ്യാഭ്യാസ രീതികളെ തകിടം മറിക്കുന്നതിന് വക്കാലത്ത് പിടിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന് ചെലവഴിക്കാന്‍ പൊതു ഖജനാവില്‍ കാശില്ല എന്ന് പറഞ്ഞ് കോര്‍പറേറ്റുകളെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്തേക്ക് ക്ഷണിക്കുക, സിബിഎസ്ഇക്ക് ഇഷ്ടംപോലെ എന്‍ഒസി നല്‍കാന്‍ തീരുമാനിക്കുക, ഇതൊന്നും ഉദ്ദേശിച്ചപോലെ നടക്കാതെ വരുമ്പോള്‍ കേരളീയ സമൂഹത്തിലെ മധ്യവര്‍ഗ താല്‍പ്പര്യവും തെറ്റായ വിശ്വാസവും മുതലെടുത്ത് വിദ്യാഭ്യാസരംഗത്ത് കൈക്കൊണ്ട പുരോഗമന നടപടികളെ ഇല്ലാതാക്കുക, പൊതു വിദ്യാലയങ്ങളുടെ ഉന്മേഷവും സര്‍ഗാത്മകതയും ഇല്ലാതാക്കാന്‍ സിബിഎസ്ഇ സ്കൂളുകള്‍ വേണ്ടെന്നുവച്ച കുട്ടികളെ പരീക്ഷയെന്ന മുള്‍മുനയില്‍ നിരന്തരമായി നിര്‍ത്തുക, പരീക്ഷയെ നേരിടാന്‍ കുട്ടികളെ സജ്ജമാക്കാന്‍മാത്രം പ്രേരിപ്പിക്കുന്ന പഴയ രീതിയിലേക്ക് അധ്യാപകരെ തിരിച്ചെത്തിക്കുക തുടങ്ങിയ നടപടികളാണ് സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന പ്രവര്‍ത്തനപരിപാടികള്‍ . ഇതെല്ലാം പൊതുവിദ്യാഭ്യാസത്തെ അനാകര്‍ഷകമാക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ നടപടിയല്ലാതെ മറ്റെന്താണ്? അക്കാദമികമായി വിദ്യാഭ്യാസ പ്രശ്നങ്ങളെ സമീപിക്കുന്നവര്‍ക്കെല്ലാം മനസിലാവുന്നതാണ് ഇക്കാര്യം. പൊതു വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരുന്ന ഉണര്‍വും കൂട്ടായ്മയുടെ വിജയഗാഥയുംഭഹരിതവിദ്യാലയം&ൃെൂൗീ;എന്ന ദൃശ്യ മാധ്യമ പരിപാടിയിലൂടെ വലിയ വിഭാഗം ജനങ്ങള്‍ നേരിട്ടു മനസിലാക്കിയതും അകമഴിഞ്ഞു പ്രശംസിച്ചതുമാണ്. വിദ്യാഭ്യാസരംഗത്ത് പോരായ്മകള്‍ ഇല്ലെന്നല്ല. എന്നാല്‍ , അവ ശ്രദ്ധാപൂര്‍വം ഇടപെട്ടാല്‍ തിരുത്താം എന്ന ആത്മവിശ്വാസം വളര്‍ന്നു വരികയായിരുന്നു. അതിനെ തളര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢതന്ത്രങ്ങളെ പ്രതിരോധിക്കാന്‍ വേണ്ട അക്കാദമികവും സാമൂഹികവുമായ കൂട്ടായ്മ വളര്‍ത്തിയെടുക്കാനും ജനമധ്യത്തിലേക്ക് ഇത്തരം സംവാദങ്ങള്‍ വിദ്യാഭ്യാസ തത്വങ്ങളെ മുന്‍്നിര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്. (അവസാനിച്ചു)

No comments:

Post a Comment