Wednesday, August 24, 2011

ഓണപ്പരീക്ഷ: പ്രചാരണത്തിലെ കാപട്യം തിരിച്ചറിയു

ഓണപ്പരീക്ഷ: പ്രചാരണത്തിലെ കാപട്യം തിരിച്ചറിയുക

ഓണപ്പരീക്ഷ പുനഃസ്ഥാപിച്ചിരിക്കുന്നു. അങ്ങനെ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ രക്ഷിച്ചിരിക്കുന്നു-ഈ ദിശയില്‍ കുറച്ചുകാലമായി നടക്കുന്ന ചര്‍ച്ച വസ്തുതാപരമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. കേരളത്തില്‍ ഒരിക്കലും ഓണപ്പരീക്ഷ ഉണ്ടായിരുന്നില്ല. അക്കാദമിക വര്‍ഷത്തെ മൂന്നായി വിഭജിച്ച് ഒന്നാമത്തെ ടേമിന്റെ അവസാനം കാല്‍ക്കൊല്ല പരീക്ഷയും രണ്ടാം ടേമിന്റെ അവസാനം അരക്കൊല്ല പരീക്ഷയും വര്‍ഷാവസാനം വാര്‍ഷിക പരീക്ഷയുമാണ് നടന്നിരുന്നത്. ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിങ്ങനെ പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തിയിരുന്നു എന്നത് മറ്റൊരു കാര്യം. തുടര്‍മൂല്യനിര്‍ണയരീതി നിലവിലില്ലാതിരുന്ന കാലത്താണ് മൂന്ന് ടേം എന്ന സങ്കല്‍പ്പം നിലനിന്നത്. സാമ്പ്രദായിക മൂല്യനിര്‍ണയ രീതിയില്‍നിന്നുള്ള പരിവര്‍ത്തനം വര്‍ഷങ്ങള്‍ നീണ്ട അക്കാദമിക ചര്‍ച്ചകളിലൂടെ രൂപപ്പെട്ടതാണ്. ഇത്തരം അക്കാദമിക ചര്‍ച്ചകള്‍ സംസ്ഥാനം ഭരിക്കുന്നത് യുഡിഎഫ് ആണോ, എല്‍ഡിഎഫ് ആണോ എന്നതിന്റെ അടിസ്ഥാനത്തില്‍ നടന്നതല്ല. ഈ ചരിത്ര വസ്തുതകളെപ്പറ്റിയുള്ള അജ്ഞതയോ പൊതുവിദ്യാഭ്യാസ സംവിധാനത്തിലേക്ക് ശാസ്ത്രീയ ധാരണകള്‍ കടന്നുവരാതെ അതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഇടപെടലോ ആണ് ഇപ്പോള്‍ നടക്കുന്നത്.

ബോധനത്തിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ പരീക്ഷകള്‍ അനിവാര്യമാണെന്ന് എല്ലാവരും അംഗീകരിക്കും. പക്ഷേ, അത് ഏത് തരത്തിലുള്ളതാകണം എന്നത് അക്കാദമികമായി തീരുമാനിക്കപ്പെടേണ്ടതാണ്. പരീക്ഷാപരിഷ്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിവിധ കമീഷനുകള്‍ സൂചിപ്പിച്ചത് പരിശോധിക്കേണ്ടതുണ്ട്. 1882 ലെ ഹണ്ടര്‍ കമീഷന്‍ , 1917-19 ലെ കല്‍ക്കത്ത യൂണിവേഴ്സിറ്റി കമീഷന്‍ അഥവാ സഡ്ലര്‍ കമീഷന്‍ , 1929 ലെ ഹര്‍ടോഗ് കമീഷന്‍ , 1944 ലെ സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് നിര്‍ദേശങ്ങള്‍ അഥവാ സാര്‍ജന്റ് പ്ലാന്‍ . 1952-53 ലെ മുതലിയാര്‍ കമീഷന്‍ തുടങ്ങി വിദ്യാഭ്യാസരംഗത്ത് നിയുക്തമായ എല്ലാ കമീഷനുകളും പരീക്ഷാപരിഷ്കരണത്തെപ്പറ്റി വിശദമായി ചര്‍ച്ചചെയ്യുകയും നിര്‍ദേശങ്ങള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കമീഷനുകളെല്ലാം ഊന്നല്‍ കൊടുക്കുന്നത് ബാഹ്യപരീക്ഷകളുടെ പ്രാധാന്യം കുറയ്ക്കുകയും ആന്തരിക മൂല്യനിര്‍ണയത്തിന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്കാണ്. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോത്താരി കമീഷന്‍ റിപ്പോര്‍ട്ടില്‍ (1966) ഇപ്രകാരം പറയുന്നു: "സ്കൂളുകള്‍ നടത്തുന്ന ആന്തരിക മൂല്യനിര്‍ണയത്തിനും വിലയിരുത്തലിനും വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ ഇതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. സമഗ്രമായ വിലയിരുത്തല്‍ ഇതുവഴി നടത്തണം; വിദ്യാര്‍ഥിയുടെ വളര്‍ച്ചയുടെ എല്ലാ വശങ്ങളും അതായത് വ്യക്തിപരമായ സവിശേഷതകളും താല്‍പ്പര്യങ്ങളും സമീപനങ്ങളും ബാഹ്യപരീക്ഷകളിലൂടെ വിലയിരുത്താന്‍ കഴിയില്ല. (9.84)" അതുപോലെ 1986 ലെ ദേശീയവിദ്യാഭ്യാസ നയത്തിലും അതിനെത്തുടര്‍ന്നുണ്ടാക്കിയ കര്‍മപരിപാടിയിലും പരീക്ഷാപരിഷ്കരണത്തെപ്പറ്റി കൃത്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഓര്‍മ പരിശോധിക്കുന്ന രീതിയിലുള്ള പരീക്ഷയില്‍ മാറ്റം ആവശ്യമാണെന്നും നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയരീതി നടപ്പാക്കണമെന്നും സെമസ്റ്റര്‍ സമ്പ്രദായം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും ബാഹ്യ പരീക്ഷയ്ക്കുള്ള ഊന്നല്‍ കുറയ്ക്കണമെന്നും ആന്തരിക മൂല്യനിര്‍ണയത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും മൂല്യനിര്‍ണയത്തിന് വ്യത്യസ്തങ്ങളായ ഉപാധികള്‍ പ്രയോജനപ്പെടുത്തണമെന്നും ദേശീയ വിദ്യാഭ്യാസനയം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസനയം റിവ്യൂചെയ്യാന്‍ നിയുക്തമായ ആചാര്യ രാമമൂര്‍ത്തിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ഇക്കാര്യത്തില്‍ മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ ഠീംമൃറെ മി ഋിഹശഴവലേിലറ മിറ ഔാമില ടീരശലേ്യ&ൃെൂൗീ; എന്ന റിപ്പോര്‍ട്ടിലൂടെ മുന്നോട്ടുവച്ചിട്ടുണ്ട്. 1990ല്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ സ്കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള നിര്‍ദേശങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു. സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കല്‍ തുടര്‍ച്ചയായ ആന്തരിക മൂല്യനിര്‍ണയം പാഠ്യപദ്ധതി അനുസരിച്ച് പഠിപ്പിക്കുന്നതിലും വിലയിരുത്തുന്നതിലും അധ്യാപകര്‍ക്ക് പ്രധാന പങ്കുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ക്രെഡിറ്റ് സമാഹരിക്കാന്‍ കഴിയണം. ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോള്‍ ഗ്രേഡ് സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടായിരിക്കണം. സ്കൂള്‍ പ്രവേശനം അയവുള്ളതാക്കുകയും സ്കൂള്‍ സംവിധാനമാകെ അനൗപചാരികമാക്കി മാറ്റുകയും ചെയ്യണം. 1993ല്‍ പ്രൊഫസര്‍ യശ്പാലിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ഘലമൃിശിഴ ംശവേീൗേ യൗൃറലി എന്ന ചെറുതും അര്‍ഥവത്തുമായ റിപ്പോര്‍ട്ടില്‍ പരീക്ഷകളെക്കുറിച്ച് ഇപ്രകാരം പറയുന്നു: "പരീക്ഷാസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ടതും നന്നായി മനസിലാക്കപ്പെട്ടതുമായ ന്യൂനത, വിവരങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള വിദ്യാര്‍ഥിയുടെ കഴിവില്‍മാത്രമാണ് അത് ഊന്നുന്നത് എന്നതാണ്. അപരിചിതവും പുതിയതുമായ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനും ലളിതമായി ചിന്തിക്കാനുമുള്ള കഴിവ് പരീക്ഷാസമ്പ്രദായത്തില്‍ പരിശോധിക്കപ്പെടുന്നില്ല." "രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും സ്കൂളുകള്‍ പ്രൈമറി തലത്തിന്റെ തുടക്കംമുതല്‍ നിരവധി ഔപചാരിക എഴുത്തുപരീക്ഷകള്‍ കടന്നുവേണം പത്താം ക്ലാസില്‍ എത്താനെന്ന ശക്തമായ ധാരണ പുലര്‍ത്തുന്നവയാണ്. പരീക്ഷകള്‍മാത്രമാണ് ഒരാളുടെ മികവിന് അടിസ്ഥാനമെന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശിച്ച ഉടനെ ലഭിക്കുന്നത്

." നിര്‍ദേശമായി യശ്പാല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്, "പാഠ പുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ അവസാനം നടത്തുന്ന പൊതുപരീക്ഷ പുതിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പുനരവലോകനംചെയ്യണം. പാഠഭാഗം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് പകരം ആശയാധിഷ്ഠിതമായ ചോദ്യാവലികള്‍ ഉള്‍പ്പെടുത്തണം. വെറുതെ മനഃപാഠം പഠിക്കുക എന്ന ശരിയല്ലാത്ത പ്രവണതയില്‍നിന്ന് കുട്ടികളെ രക്ഷിക്കാനും പഠനനിലവാരം ഉയര്‍ത്താനും പര്യാപ്തമായ ഏക പരിഷ്കാരം ഇതുമാത്രമാണ്." മൂല്യനിര്‍ണയത്തെ സംബന്ധിച്ച് ലോകമെമ്പാടും വളര്‍ന്നുവന്ന പുതിയ ചിന്താധാരയില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ കാര്യത്തില്‍ എന്നും മുന്നില്‍ നടക്കുന്ന കേരളത്തില്‍തന്നെയാണ് ഈ മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദേശീയാടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ പേപ്പറില്‍നിന്ന് പുറത്തേക്ക് പോയില്ല. ആ ഘട്ടത്തിലാണ് 1997ല്‍ മൂല്യനിര്‍ണയരംഗത്ത് വലിയ പരിവര്‍ത്തനത്തിന് നാം തുടക്കം കുറിച്ചത്്. പ്രൊഫ. യശ്പാലും മറ്റ് വിദ്യാഭ്യാസ വിദഗ്ധരും മുന്നോട്ടുവച്ച എന്‍സിഇആര്‍ടിപോലുള്ള അക്കാദമിക സ്ഥാപനങ്ങള്‍ നടത്തണമെന്ന് ആഗ്രഹിച്ച പരിവര്‍ത്തനങ്ങളായിരുന്നു കേരളത്തില്‍ വരുത്തിയത്. ഡിപിഇപി പദ്ധതിയുടെ നടത്തിപ്പ് ഘട്ടത്തില്‍ പ്രസ്തുത സാധ്യത പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയരീതിയും ഗ്രേഡിങ് സമ്പ്രദായവും ലോവര്‍ പ്രൈമറി ക്ലാസുകളില്‍ 1997ല്‍ തന്നെ ആരംഭിച്ചു. ഈ പ്രവര്‍ത്തനം പാഠ്യപദ്ധതിയുടെ മാറ്റത്തിനനുസരിച്ച് ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. 2000ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും മൂല്യനിര്‍ണയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ നടപ്പാക്കണം, വൈജ്ഞാനിക മേഖലയിലേക്കും സഹവൈജ്ഞാനിക മേഖലയിലേക്കും മികവുകള്‍ പരിശോധിക്കണം, പോര്‍ട്ട് ഫോളിയോ നടപ്പാക്കണം, സെമസ്റ്റര്‍ സമ്പ്രദായം സെക്കന്‍ഡറി തലം മുതല്‍ നടപ്പാക്കണം-തുടങ്ങിയവയാണ് പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദേശിച്ച മാറ്റങ്ങള്‍ . കേരളത്തിലെ പാഠ്യപദ്ധതി പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ദേശീയതലത്തിലും ഉണ്ടായിവരുന്ന ഘട്ടത്തിലാണ് 2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ തികച്ചും രാഷ്ട്രീയ കാരണങ്ങളില്‍ അതുവരെ വികസിപ്പിച്ചുവന്ന പുതിയ പാഠ്യപദ്ധതി പിന്‍വലിക്കുകയും പഴയതിലേക്ക് തിരിച്ചുപോവുകയും ചെയ്തത്. എന്നാല്‍ , കക്ഷിരാഷ്ട്രീയ ഭേദമെന്യേ അക്കാദമിക സമൂഹത്തിന്റെ ഇടപെടല്‍ മൂലം യുഡിഎഫ് സര്‍ക്കാരിന് നയം തിരുത്തേണ്ടിവന്നു. അധികാരത്തിലേറിയ ഉടന്‍ പിന്‍വലിച്ച പാഠ്യപദ്ധതി 2002ല്‍ പുനഃസ്ഥാപിക്കേണ്ടിവന്നു.

1997 മുതല്‍ രൂപംകൊണ്ട് മുന്നോട്ടുപോകുകയായിരുന്ന പാഠ്യപദ്ധതിയുടെ ശാസ്ത്രീയ ചൈതന്യത്തിനു പരിക്കേല്‍പ്പിച്ചുകൊണ്ടാണ് വീണ്ടും പുനഃസ്ഥാപിച്ചത്. പാഠ്യപദ്ധതി മാറ്റത്തിനനുസരിച്ച് മൂല്യനിര്‍ണയത്തിലും പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് പുതിയ സമ്പ്രദായവും മാര്‍ക്ക് റേഞ്ച് കം ഗ്രേഡിങ് രീതിയും 2005 മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിക്കൊണ്ട് 2002 ആഗസ്ത് 31ന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ തുടര്‍ച്ചയായി വിശദമായ മൂല്യനിര്‍ണയ സമീപനരേഖയുണ്ടാക്കി. ഈ കാലഘട്ടത്തില്‍ ദേശീയതലത്തില്‍ എന്‍സിഇആര്‍ടിയുടെ നേതൃത്വത്തില്‍ മൂല്യനിര്‍ണയ കാര്യത്തില്‍ ഉണ്ടായ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് 2004 ഫെബ്രുവരി 4ന് വിശദമായ ഉത്തരവ് സര്‍ക്കാര്‍ ഇറക്കുകയുണ്ടായി. യുഡിഎഫിലെ മുസ്ലിം ലീഗ് നേതാവ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിലുണ്ടായ പ്രസ്തുത ഉത്തരവിലെ ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ. മൂല്യനിര്‍ണയത്തില്‍ വരുത്തുന്ന മാറ്റം വഴി മാര്‍ക്ക് എന്ന ഒറ്റ അളവുകോലിന് പകരം കുട്ടിയുടെ ബഹുമുഖമായ കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. വര്‍ഷാന്ത്യപരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്ന പഴയരീതിക്ക് പകരം അധ്യയനവര്‍ഷത്തില്‍ ഉടനീളം കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. കുട്ടിയുടെ ഓര്‍മശക്തിമാത്രം വിലയിരുത്തുന്ന പഴയ സമ്പ്രദായത്തിനുപകരം സമഗ്രമായി നാനാതരം കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. പരീക്ഷയോടുള്ള കുട്ടിയുടെ ഭയവും ആശങ്കയും ഒഴിവാക്കാന്‍ സാധിക്കുന്നു. അധ്യാപക സംഘടനകളുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്ത് കൂടുതല്‍ വ്യക്തമായ ഉത്തരവ് 2004 ആഗസ്ത് 6ന് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

പരിവര്‍ത്തനത്തിനെതിരായ ശക്തികള്‍ അവരുടേതായ എതിര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അവരുടെ ഇംഗിതത്തിന് വഴങ്ങിക്കൊണ്ട് അക്കാദമിക വര്‍ഷത്തിന്റെ മധ്യത്തില്‍ വച്ച് ഗ്രേഡിങ് സമ്പ്രദായം 2004-05 അക്കാദമികവര്‍ഷം നടപ്പാക്കേണ്ടതില്ല എന്ന് 2004 ആഗസ്ത് 31ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം ഭ്രാന്തമായ നടപടിക്കെതിരെ അക്കാദമിക സമൂഹവും പുരോഗമന അധ്യാപക പ്രസ്ഥാനങ്ങളും, രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും ഒന്നിച്ചണിനിരന്നപ്പോള്‍ സര്‍ക്കാര്‍ തീരുമാനം വീണ്ടും മാറ്റി. ഗ്രേഡിങ് പുനഃസ്ഥാപിച്ചുകൊണ്ട് 2004 സെപ്തംബറില്‍ ഉത്തരവിറക്കി. ഇതിന്റെ തുടര്‍ച്ചയായി ഇറക്കിയ നിരന്തര മൂല്യനിര്‍ണയ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പാദവാര്‍ഷിക പരീക്ഷകള്‍ എന്ന സങ്കല്‍പ്പം ഇല്ലായിരുന്നു എന്ന് വ്യക്തമാണ്. ജൂലൈയിലും നവംബറിലും ക്ലാസ് പരീക്ഷയാണ് നിര്‍ദേശിച്ചിട്ടുള്ളത്. വിദ്യാഭ്യാസരംഗത്ത് നടക്കുന്ന പുരോഗമനപരമായ നടപടികളെ യുഡിഎഫ് സര്‍ക്കാരുകള്‍ എങ്ങനെയാണ് സമീപിച്ചിരുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചത്. (അവസാനിക്കുന്നില്ല)

No comments:

Post a Comment