അയ്യപ്പന്‍ കളിച്ചുവളര്‍ന്ന കൊട്ടാരം
അയ്യപ്പന്‍ ബാല്യകാലം ചെലവഴിച്ചത് പന്തളം കൊട്ടാരത്തിലായിരുന്നു. അച്ചന്‍കോവിലാറിന്റെ ഇരുകരകളിലുമായുള്ള പ്രകൃതിരമണീയമായ സ്ഥലത്താണ് പന്തളം കൊട്ടാരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. അയ്യപ്പന്റെ കളിക്കളവും പഠിച്ച താളിയോലഗ്രന്ഥങ്ങളും പൊന്‍ചുരികയും തിരുവാഭരണവുമൊക്കെ ഇന്നും കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
പമ്പാനദിക്കരയില്‍ നിന്ന് ലഭിച്ച മണികണ്ഠനെ പന്തളം കൊട്ടാരത്തില്‍ക്കൊണ്ട് വന്ന് രാജാവ് വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തു. വളര്‍ത്തുമകനായിരുന്നെങ്കിലും സ്വന്തം മകനെപ്പോലെയായിരുന്നു രാജാവ് മണികണ്ഠനെ കണ്ടത്. അവതാരലക്ഷ്യം പൂര്‍ത്തിയാക്കുന്ന അയ്യപ്പന്‍ ശബരിമലയിലെ ശാസ്താവിഗ്രഹത്തില്‍ വിലയം പ്രാപിക്കുകയായിരുന്നു.
തമിഴ്നാടിന്റെ ഭാഗമായിരുന്ന പാണ്ഡ്യരാജ്യത്തുനിന്ന് കുടിയേറി വന്നവരാണ് പന്തളം രാജകുടുംബം. ശബരിമല ഉള്‍പ്പടെ ഏകദേശം ആയിരം ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള പ്രദേശങ്ങള്‍ പന്തളം രാജ്യത്തിന്റെ അധീനതയിലായിരുന്നു. അത്തരത്തില്‍ സമ്പല്‍ സമൃദ്ധമായിരുന്നു പന്തളം രാജ്യം. എന്നാല്‍ പിന്നീടുണ്ടായ യുദ്ധങ്ങളും കൊടുവരള്‍ച്ചയും കൃഷിനാശവുമൊക്കെ ചേര്‍ന്ന് പന്തളം കൊട്ടാരത്തിന്റെ ഖജനാവ് കാലിയാക്കി. 
അങ്ങനെ തിരുവിതാംകൂര്‍ രാജാവില്‍ നിന്ന് ഭാരിച്ച തുക കടമായെടുത്തുന്നു. എന്നാലിത് മടക്കി നല്‍കാന്‍ പന്തളം രാജാവിന് കഴിഞ്ഞില്ല. അതോടെ ശബരിമല ഉള്‍പ്പടെ പന്തളം രാജ്യത്തിലെ ചില ഭാഗങ്ങളില്‍ നിന്ന് വരുമാനം എടുക്കാനുള്ള അവകാശം തിരുവിതാംകൂറിന് നല്‍കി. ഇതിന് പകരമായി പന്തളം രാജകുടുംബാംഗങ്ങളുടെ സംരക്ഷണച്ചുമതല തിരുവിതാംകൂര്‍ മഹാരാജാവ് ഏറ്റെടുത്തു. ക്ഷേത്രങ്ങളുടെ വരുമാനമല്ലാതെ ഉടസ്ഥാവകാശം കൈമാറിയിരുന്നില്ല. എന്നാല്‍ വരുമാനമില്ലാത്തതിനാല്‍ പിന്നീട് കൊട്ടാരത്തില്‍ കൊടുംദാരിദ്ര്യമായിരുന്നു.
അയ്യപ്പന്‍ ശബരിമലയിലെ ശാസ്താവിഗ്രഹത്തില്‍ വിലയം പ്രാപിച്ചതിനുശേഷം പന്തളം രാജാവ് മകനെ കാണുന്നതിനും ആരാധിക്കുന്നതിനും വേണ്ടി പന്തളം കൊട്ടാരത്തില്‍ ഒരു തേവാരപ്പുര നിര്‍മ്മിച്ചു. അങ്ങനെ രാജകുടുംബാംഗങ്ങളെല്ലാം തേവാരപ്പുരയില്‍ ചെന്ന് ആരാധന നടത്തി. ഈ തേവാരപ്പുരയാണ് പിന്നീട് പന്തളം വലിയകോയിക്കല്‍ ക്ഷേത്രമായി മാറിയത്. ശബരിമലയിലെയും വലിയകോയിക്കല്‍ ക്ഷേത്രത്തിലെയും ആചാരനുഷ്ഠാനങ്ങള്‍ക്ക് സാമ്യമുണ്ട്.
തീര്‍ത്ഥാടനകാലത്തും മറ്റും ആയിരകണക്കിന് ഭക്തര്‍ പന്തളത്തെത്താറുണ്ട്. അയ്യപ്പന്‍ കുട്ടിക്കാലത്ത് കളിച്ചുവളര്‍ന്ന കൊട്ടാരവും കളിതട്ടുമൊക്കെ കൊണ്ട് പരിപാവനമായ പന്തളത്ത് തീര്‍ത്ഥാടനകാലത്ത് നല്ല തിരക്കായിരിക്കും. എന്നാല്‍ ഇപ്പോള്‍ പന്തളത്ത് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൌകര്യങ്ങളില്ലെന്ന പരാതിയുണ്ട്.
 
 
No comments:
Post a Comment