പന്തളം കൊട്ടാരം
കൈപ്പുഴമുറിയിലുള്ള മേലേടത്ത് കോയിക്കല്‍ കൊട്ടാരമാണ് രാജാവ് ആദ്യം പണികഴിപ്പിച്ചത്. പിന്നീട് അംഗസംഖ്യ വര്‍ധിച്ചതോടെ തോന്നല്ലൂര്‍ മുറിയിലുള്ള കോയിക്കലേക്ക് തമ്പുരാക്കന്‍മാര്‍ താമസം മാറ്റി. മൂന്നുവശവും അച്ചന്‍ കോവില്‍ ആറിനാല്‍ ചുറ്റപ്പെട്ട ഈ കൊട്ടാരത്തിന്റെ തെക്കുഭാഗത്ത് കോട്ടകെട്ടി അടച്ചിരുന്നു. മന്ത്രിമാര്‍ക്ക് മുട്ടാര്‍ എന്ന സ്ഥലത്തും സേനാനായകര്‍ക്ക് കടയ്ക്കാട് എന്ന സ്ഥലത്തുമാണ് താമസസൌകര്യം ഒരുക്കിയിരുന്നത്. ചെങ്കോട്ട മുതല്‍ ചെമ്പകശേരി വരെ നീണ്ടുകിടക്കുന്ന പന്തളം രാജ്യത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് തോന്നല്ലൂര്‍ കൊട്ടാരത്തിലായിരുന്നു.
അച്ചന്‍കോവിലാറിന്റെ വടക്കേക്കരയില്‍ രാജകുടുംബങ്ങള്‍ താമസിച്ചിരുന്ന എട്ടുകോയിക്കലുകളും ബ്രാഹ്മണാലയങ്ങളായ മനകളും മഠങ്ങളും അന്യാധീനപ്പെട്ടെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. സേനാവിഭാഗങ്ങള്‍ ആയുധപരിശീലനം നടത്തിയിരുന്ന മല്ലശേരി, വാള്‍മുട്ടം കളരികളും ഇന്ന് അവശേഷിക്കുന്നുണ്ട്. അച്ചകോവില്‍ ആറിന്റെ തെക്കേക്കരയിലുള്ള രണ്ടു കോയിക്കലുകളും ഇളങ്ങപട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രവും പട്ടത്താനങ്ങളും ഒരു മനയും ഇന്നും കാണാനാകും. അടുത്തകാലത്തുണ്ടായ തീപിടിത്തത്തില്‍ മേലേടത്ത് കോയിക്കല്‍ കൊട്ടാരം നശിച്ചെങ്കിലും അവശിഷ്ടങ്ങള്‍ അവശേഷിക്കുന്നുണ്ട്.
 
 
No comments:
Post a Comment