Monday, December 12, 2011

ലാപ്‌ടോപ്പ്‌ മടിയില്‍ വെച്ചാല്‍ നിങ്ങള്‍ അച്‌ഛനാകില്ല!

ഇന്റര്‍നെറ്റ്‌ കണക്ഷനുവേണ്ടിയുള്ള വൈ-ഫൈയിലെ റേഡിയേഷന്‍ പുരുഷ ബീജത്തെ നശിപ്പിക്കുമെന്ന്‌ കണ്ടെത്തിയിരിക്കുന്നു. കോര്‍ഡോബയിലെ നാസെന്റിന മെഡിസിന റിപ്രൊഡക്‌ടിവയില്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്‌തമായത്‌. പ്രൊഫസര്‍ കൊണാര്‍ഡോ അവന്‍ഡാനോയുടെ നേതൃത്വത്തിലുളള സംഘമാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌. ലാപ്‌ടോപ്പ്‌, മൊബൈല്‍ഫോണ്‍ എന്നിവ വഴി തുടര്‍ച്ചയായി വൈ-ഫൈ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ അച്‌ഛനാകാനുള്ള സാധ്യത മങ്ങുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

26 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള 29 പുരുഷന്‍മാരുടെ ബീജം ഉപയോഗിച്ചാണ്‌ പഠനം നടത്തിയത്‌. ഇത്തരത്തില്‍ ശേഖരിച്ച ബീജം വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പിന്‌ സമീപം വെച്ചാണ്‌ പരീക്ഷണം നടത്തിയത്‌. വൈ-ഫൈ ഓണാക്കിയ ശേഷം തുടര്‍ച്ചയായി നാലുമണിക്കൂര്‍ ലാപ്‌ടോപ്പ്‌ പ്രവര്‍ത്തിപ്പിക്കുകയും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുകയും ചെയ്‌തു. ഇതിനുശേഷം നടത്തിയ പരിശോധനയില്‍ 25 ശതമാനം ബീജത്തിന്റെ ചലനശേഷി നശിക്കുകയും 9 ശതമാനത്തിന്റെ ഡിഎന്‍എ തകരാറിലാകുകയും ചെയ്‌തതായി കണ്ടെത്തി. വൈ-ഫൈ കണക്ഷനില്‍ നിന്നുള്ള ഇലക്‌ട്രോ-മാഗ്‌നറ്റിക്‌ റേഡിയേഷനാണ്‌ ബീജത്തെ നശിപ്പിക്കുന്നതെന്നും പഠനസംഘം കണ്ടെത്തി. അതുകൊണ്ടുതന്നെ അച്‌ഛനാകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുകാരണവശാലും ലാപ്‌ടോപ്പ്‌ മടിയില്‍ വെച്ച്‌ ഉപയോഗിക്കരുതെന്നും പഠനറിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. പഠനറിപ്പോര്‍ട്ട്‌ ഫെര്‍ട്ടിലിറ്റി ആന്‍ഡ്‌ സ്‌റ്റെറിലിറ്റി എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


No comments:

Post a Comment