Monday, December 12, 2011

ഇന്ത്യയിലെ മികച്ച അഞ്ച്‌ ഹാച്ച്‌ബാക്ക്‌ കാറുകള്‍


ഇന്ത്യന്‍ കാര്‍ വിപണിയെ എപ്പോഴും ചടുലമാക്കി നിര്‍ത്തുന്നത്‌ ഹാച്ച്‌ബാക്ക്‌ മോഡലുകളാണ്‌. ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കുന്നതും ഈ വിഭാഗത്തിലാണ്‌. അതുകൊണ്ടാണല്ലോ വിദേശ കമ്പനികള്‍ ഈ വിഭാഗത്തില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കുന്നത്‌. മുമ്പൊക്കെ മാരുതിയും ടാറ്റയും ആധിപത്യം പുലര്‍ത്തിയിരുന്ന ഹാച്ച്‌ബാക്ക്‌ വിഭാഗത്തില്‍ ഇന്ന്‌, ഷെവര്‍ലെ(ബീറ്റ്‌, സ്‌പാര്‍ക്ക്‌), ഫോര്‍ഡ്‌(ഫിഗോ), സ്‌കോഡ(ഫാബിയ), ഫോക്‌സ്‌വാഗണ്‍(പോളോ), ഹോണ്ട(ബ്രയോ, ജാസ്‌), ഹ്യൂണ്ടായ്‌(സാന്‍ട്രോ, ഐ10, ഐ20, ഇയോണ്‍) തുടങ്ങിയവയൊക്കെ വ്യക്‌തമായ സ്വാധീനം ചെലുത്തുന്നുണ്ട്‌.

പ്രവര്‍ത്തന ക്ഷമത, ഉപഭോക്‌തക്കളുടെ സംതൃപ്‌തി, മൈലേജ്‌ തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചു ഹാച്ച്‌ബാക്ക്‌ മോഡലുകള്‍ ഞങ്ങള്‍ അവതരിപ്പിക്കുകയാണ്‌.

1, മാരുതി സുസുകി സ്വിഫ്‌റ്റ്‌(6 വേരിയന്റ്‌, വില-4.2 മുതല്‍ 6.3 ലക്ഷം വരെ)

നേട്ടം- മികച്ച എന്‍ജിന്‍, ആകര്‍ഷകമായ രൂപകല്‍പന, ജനപ്രിയം. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പനയുള്ള പ്രീമിയം ഹാച്ച്‌ബാക്ക്‌ മോഡലാണ്‌ സ്വിഫ്‌റ്റ്‌. 2011 ഓഗസ്‌റ്റില്‍ സ്വിഫ്‌റ്റ്‌ പരിഷ്‌ക്കരിച്ച്‌ പുറത്തിറക്കുമ്പോള്‍ 50000 ബുക്കിംഗാണ്‌ നടന്നത്‌. അത്‌ ഇന്ത്യന്‍ വിപണിയില്‍ സ്വിഫ്‌റ്റിനുള്ള സ്വാധീനത്തിന്‌ തെളിവാണ്‌.

കോട്ടം- കാത്തിരിപ്പ്‌. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും സ്വിഫ്‌റ്റ്‌ ലഭിക്കണമെങ്കില്‍ ബുക്ക്‌ ചെയ്‌ത്‌ ഒരു വര്‍ഷമെങ്കില്‍ കഴിയണമെന്നതാണ്‌ ഇന്നത്തെ അവസ്ഥ.

അഭിപ്രായം- ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും മികച്ച ഹാച്ച്‌ബാക്കാണ്‌ സ്വിഫ്‌റ്റ്‌. കാര്‍ വാങ്ങുന്നവരുടെ ബജറ്റ്‌ നാലു ലക്ഷത്തിനും ആറു ലക്ഷത്തിനും ഇടയിലാണെങ്കില്‍ സ്വിഫ്‌റ്റ്‌ വാങ്ങാനാണ്‌ ഈ രംഗത്തെ വിദഗ്‌ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്‌.

2, ഷെവര്‍ലെ ബീറ്റ്‌(9 വേരിയന്റുകള്‍, വില- 3.6 മുതല്‍ 5.5 ലക്ഷം വരെ)

നേട്ടം- ഡീസല്‍ വേരിയന്റില്‍ ചെറിയ കപ്പാസിറ്റി എന്‍ജിന്‍ ലഭ്യമാണ്‌. നല്‍കുന്ന കാശിന്‌ അതിലേറെ മൂല്യം നല്‍കുന്ന മറ്റൊരു ഹാച്ച്‌ബാക്ക്‌ ഇന്ത്യയിലില്ല. രൂപകല്‍പനയിലെ ആകര്‍ഷണീയതയും പ്രവര്‍ത്തനക്ഷമതയിലെ മികവും ബീറ്റിനെ ജനപ്രിയമാക്കുന്നു.

കോട്ടം- കുറഞ്ഞ ബൂട്ട്‌ സ്‌പേസ്‌, മുന്‍വശത്ത്‌ നല്ല രൂപകല്‍പനയാണെങ്കിലും പിന്‍ഭാഗം ഒട്ടും ആകര്‍ഷകമല്ല.

അഭിപ്രായം- യുവാക്കളുടെ കാറാണ്‌ ബീറ്റ്‌. പ്രവര്‍ത്തനമികവും ആകര്‍ഷകമായ രൂപകല്‍പനയും നല്‍കുന്ന കാശിന്‌ അതിനേക്കാള്‍ മൂല്യവും നല്‍കുന്നതിനാല്‍ പ്രീമിയം ഹാച്ച്‌ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മികച്ച ചോയ്‌സാണ്‌ ബീറ്റ്‌.

3, ഫോക്‌സ്‌വാഗണ്‍ പോളോ(7 വേരിയന്റുകള്‍, വില 4.5 മുതല്‍ 7.1 ലക്ഷം വരെ)

നേട്ടം- മികച്ച രൂപകല്‍പന, പ്രവര്‍ത്തന മികവ്‌, ഫോക്‌സ്‌വാഗണ്‍ എന്ന ബ്രാന്‍ഡിന്റെ പ്രൗഢി.

കോട്ടം- ഇതേ വിഭാഗത്തില്‍പ്പെട്ട മറ്റ്‌ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പോളോയുടെ വില വളരെ കൂടുതലാണ്‌.

അഭിപ്രായം- വില കൂടുതലാണെങ്കിലും മികച്ച കാറാണ്‌ പോളോ. കേരളത്തില്‍ ഉള്‍പ്പടെ പോളോയുടെ വില്‍പന കൂടുന്നുണ്ട്‌.

4, ഹോണ്ട ബ്രയോ(4 വേരിയന്റുകള്‍, വില 3.9 മുതല്‍ 5.1 ലക്ഷം വരെ)

നേട്ടം- മികച്ച ഡിസൈന്‍, പ്രവര്‍ത്തനക്ഷമത, ഉയര്‍ന്ന കാബിന്‍ സ്‌പേസ്‌

കോട്ടം- പറയത്തക്ക കോട്ടം ഒന്നും ബ്രയോയ്‌ക്ക്‌ ഇല്ല. എന്നാലും ബീറ്റിനെ പോലെയുള്ള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നല്‍കുന്ന കാശിന്‌ ഒത്ത മൂല്യം ലഭിക്കുന്നില്ലേ എന്നൊരു സംശയം.

അഭിപ്രായം- ബ്രയോ അത്ര ജനപ്രിയമല്ല. ഹോണ്ടയുടെ ഔട്ട്‌ലെറ്റുകള്‍ കുറവായതിനാലും ഒടുവിലെത്തിയ അതിഥി എന്ന നിലയില്‍ കാര്‍പ്രേമികള്‍ പരിചയിച്ചു വരുന്നതേയുള്ളു എന്നതിനാലുമാണ്‌ ബ്രയോ ജനപ്രിയമാകാത്തത്‌.

5, ഹ്യൂണ്ടായ്‌ സാന്‍ട്രോ(5 വേരിയന്റുകള്‍, വില- 2.8 ലക്ഷം മുതല്‍ 3.9 ലക്ഷം രൂപ വരെ)

ആദ്യ നാലു സ്ഥനങ്ങളിലെത്തിയത്‌ പ്രീമിയം ഹാച്ചുകളാണെങ്കില്‍ സാന്‍ട്രോ മിഡ്‌ ലെവല്‍ മോഡലാണ്‌. ഇന്ത്യയില്‍ ആള്‍ട്ടോ കഴിഞ്ഞാല്‍ ഏറ്റവമധികം വില്‍ക്കപ്പെടുന്ന മോഡലാണ്‌ ഹ്യൂണ്ടായ്‌ സാന്‍ട്രോ. സാന്‍ട്രോയുടെ ജനപ്രിയതയും ഉപഭോക്‌താക്കളുടെ സംതൃപ്‌തിയും കാരണമാണ്‌ ഈ ലിസ്‌റ്റില്‍ ഇതിനെക്കൂടി ഉള്‍പ്പെടുത്തുന്നത്‌.

നേട്ടം- മികച്ച എന്‍ജിന്‍, ഒതുങ്ങിയ രൂപകല്‍പന, ഭേദപ്പെട്ട പ്രവര്‍ത്തനക്ഷമത, സംതൃപ്‌തരായ ഉപഭോക്‌താക്കള്‍.

കോട്ടം- കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത പലപ്പോഴും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്‌.

അഭിപ്രായം- മൂന്നു ലക്ഷത്തിനും നാലു ലക്ഷത്തിനുമിടയിലാണ്‌ ബജറ്റെങ്കില്‍ കണ്ണുമടച്ച്‌ സാന്‍ട്രോ വാങ്ങാം
.

No comments:

Post a Comment