ദൈവത്തിനും മേലെ വീരു...
ജി ആര്‍ അനുരാജ്
ക്രിക്കറ്റില്‍ ഒരു ദൈവമേയുള്ളു, അത് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. ഒരു കാല്‍പനിക കവിത പോലെ ബാറ്റു ചെയ്യുന്ന സച്ചിന്റെ പേരിലാണ് ക്രിക്കറ്റിലെ മിക്ക റെക്കോര്‍ഡുകളും. ടെസ്‌റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സ്, സെഞ്ച്വറികള്‍ അങ്ങനെ പലതും... അതുകൊണ്ടുതന്നെ ക്രിക്കറ്റില്‍ സച്ചിന് മുകളില്‍ മറ്റൊരാളെ പ്രതിഷ്‌ഠിക്കാന്‍ ആര്‍ക്കും സാധിക്കില്ല. പക്ഷെ ഇന്ന് വീരേന്ദര്‍ സെവാഗ് എന്ന ഡല്‍ഹിക്കാരന്‍ സച്ചിനും മേലെ വളര്‍ന്നിരിക്കുന്നു. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ സച്ചിന് ശേഷം ഇരട്ട സെഞ്ച്വറി നേടിയെന്നതു മാത്രമല്ല വീരുവിന്റെ നേട്ടം.
ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറിന് ഉടമയായി എന്നതാണ്. സച്ചിനെപ്പോലെ ക്രിക്കറ്റിലെ സകല ബാറ്റിംഗ് റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച ഒരാളുടെ രാജ്യത്തില്‍ നിന്ന്, അദ്ദേഹത്തിന് സാധിക്കാത്തത് നേടിയപ്പോള്‍, തീര്‍ച്ചയായും ദൈവത്തിന് മുകളില്‍ വീരുവിനെ പ്രതിഷ്‌ഠിച്ചേ മതിയാകു... 149 പന്തില്‍ നിന്ന് 219 റണ്‍സ് നേടി സെവാഗ് പുറത്താകുമ്പോള്‍ 25 ബൗണ്ടറികളും ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും ആ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നിരുന്നു...
വെസ്‌റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനം കളിക്കാന്‍ ഇന്‍ഡോറിലെ പുല്‍മൈതാനിയില്‍ ഇറങ്ങുമ്പോള്‍ വീരുവിന്റെ തലയില്‍ ഒരു മുള്‍ക്കിരീടമുണ്ടായിരുന്നു. ക്യാപ്‌റ്റന്‍സിയുടെ സമ്മര്‍ദ്ദത്തില്‍ ബാറ്റിംഗ് മോശമാകുന്നുവെന്ന വിമര്‍ശനങ്ങളുടെ കൂരമ്പുകളായിരുന്നു താല്‍ക്കാലികമായി ലഭിച്ച നായകന്റെ തൊപ്പിയില്‍ നിറയെ. എന്നാല്‍ ടോസ് നേടിയ വീരു ബാറ്റു ചെയ്യാനെത്തിയത് ഉറ്റ സുഹൃത്ത് ഗൗതിക്കൊപ്പം. ആദ്യ മല്‍സരങ്ങളില്‍ ടോപ്പ് ഓര്‍ഡര്‍ പരാജയപ്പെടുന്നുവെന്ന വിമര്‍ശനത്തിന് അറുതി വരുത്തി ഇരുവരും സധൈര്യം വിന്‍ഡീസ് പേസ് നിരയെ നേരിട്ടു. പതിവുപോലെ സെവാഗ് തന്നെയായിരുന്നു ആക്രമണകാരി. 176 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് തീര്‍ത്ത ശേഷമാണ് ഗംഭീര്‍ മടങ്ങിയത്. പേസെന്നോ സ്‌പിന്നെന്നോ വ്യത്യാസമില്ലാതെ, എല്ലാ വശങ്ങളിലേക്കും പന്തടിച്ചകത്തിയ സെവാഗ് തികഞ്ഞ ആധിപത്യത്തോടെയാണ് കരീബിയന്‍ ബൗളര്‍മാരെ നേരിട്ടത്. പതിനഞ്ചാമത്തെ ഓവറില്‍ നരെയ്‌നെ ലോംഗ് ഓണിന് മുകളിലൂടെ സിക്‌സറിന് പറത്തിയാണ് സെവാഗ് അര്‍ദ്ധസെഞ്ച്വറി തികച്ചത്. 41 പന്തില്‍ നിന്നായിരുന്നു വീരുവിന്റെ അര്‍ദ്ധ ശതകം. അതിന് ശേഷം ബാറ്റിംഗ് പതുക്കെയാക്കിയെങ്കിലും ദുര്‍ബല പന്തുകളെ ശിക്ഷിച്ചുകൊണ്ട് വീണ്ടും ട്രാക്കിലെത്തി. ഇരുപത്തിയൊന്നാമത്തെ ഓവറില്‍ പൊള്ളാര്‍ഡിനെ ഒരു സിക്‌സിനും ഫോറിനും ശിക്ഷിച്ചു. 69 പന്തില്‍ നിന്ന് സെഞ്ച്വറി തികയ്‌ക്കുമ്പോള്‍ അഞ്ചു സിക്‌സറും ഒമ്പതു ഫോറും സെവാഗ് നേടിയിരുന്നു. ഇതിനിടയില്‍ ഗംഭീറിനെ നഷ്‌ടമായെങ്കിലും ഫസ്‌റ്റ് ഡൗണായി ഇറങ്ങിയ റെയ്‌നയെ കൂട്ടുപിടിച്ച് സെവാഗ് മുന്നേറി. 26.4 ഓവറില്‍ ഇന്ത്യ 200 റണ്‍സ് പിന്നിടുകയും ചെയ്‌തു.
മുപ്പത്തിയാറാമത്തെ ഓവറില്‍ 150 റണ്‍സ് തികച്ച സെവാഗ്, 200 എന്ന നേട്ടം മുന്നിലുണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെയാണ് ബാറ്റു ചെയ്യുന്നതെന്ന് തോന്നി. പലപ്പോഴും അലക്ഷ്യമായ ഷോട്ടുകളും അനാവശ്യമായ തിടുക്കവും കാട്ടുന്നുണ്ടായിരുന്നു. ഇതിനാലാണ് രവി രാംപോള്‍ എറിഞ്ഞ മുപ്പത്തിയെട്ടാമത്തെ ഓവറിലെ അഞ്ചാം പന്തില്‍ അനാവശ്യമായി ഉയര്‍ത്തിയടിച്ച വീരുവിന്, കൈപ്പിടിയിലൊതുങ്ങിയ ക്യാച്ച് കൈവിട്ട് വിന്‍ഡീസ് നായകന്‍ ആയുസ് നീട്ടിനല്‍കുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ ഇരട്ട ശതകത്തിന് ആദ്യം നന്ദി പറയേണ്ടത് സമിയോടാണ്. നാല്‍പ്പത്തിനാലാമത്തെ ഓവറിലാണ് സെവാഗിന്റെ ക്രിക്കറ്റ് ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തം ഇതള്‍വിരിഞ്ഞത്. റസല്‍ എറിഞ്ഞ മൂന്നാമത്തെ പന്ത് ഓഫ് സൈഡിലെ ബൗണ്ടറിയിലേക്ക് പായിച്ച് 200 എന്ന മാന്ത്രിക സഖ്യയില്‍ സെവാഗ് മുത്തമിട്ടത്. ഈ സമയം പൂക്കളുമായി എത്തിയ ആരാധകനെ വീരു സ്‌നേഹപൂര്‍വ്വം ഗ്രൗണ്ടിന് പുറത്തേക്ക് പറഞ്ഞുവിട്ടു. ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 200 റണ്‍സ് തികച്ചുകൊണ്ടാണ് സച്ചിന്‍ ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിയും ഏറ്റവുമുയര്‍ന്ന സ്‌കോറും നേടിയത്. എന്നാല്‍ ആ റെക്കോര്‍ഡ് പഴങ്കഥയായിരിക്കുന്നു. ഈ സമയം സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവം ഈ ചരിത്ര നിമിഷത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാകുമോ എന്തോ... ഒടുവില്‍ പൊള്ളാര്‍ഡിന്റെ പന്തില്‍ ലോംഗ് ഓഫിന് മുകളിലൂടെ സിക്‌സര്‍ പായിക്കാനുള്ള ശ്രമം മാര്‍ട്ടിന്റെ കൈകളിലൊതുങ്ങി സെവാഗ് മടങ്ങുമ്പോള്‍ അഭിനന്ദിക്കാന്‍ തിരക്കു കൂട്ടുകയായിരുന്നു വിന്‍ഡീസ് താരങ്ങള്‍.
ടെസ്‌റ്റില്‍ രണ്ടുതവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യക്കാരന്‍, ടെസ്‌റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ഇന്ത്യക്കാരന്‍ എന്നതിനൊപ്പം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ കളിക്കാരന്‍ എന്ന നിലയിലാണ് ക്രിക്കറ്റ് ലോകം ഇനി നമ്മടെ വീരുവിനെ കാണുന്നത്. ഇന്ത്യയിലെ ഇതിഹാസ തുല്യരായ പല താരങ്ങളും സെഞ്ച്വറിയും ബാറ്റിംഗ് റെക്കോര്‍ഡുകള്‍ക്കു വേണ്ടി ബാറ്റു ചെയ്യുമ്പോള്‍, ഒരിക്കലും റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ പോകുന്ന ഒരു കളിക്കാരനായിരുന്നില്ല വീരേന്ദര്‍ സെവാഗ്. എന്നാല്‍ റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ പോയിട്ടില്ലെങ്കിലും അമൂല്യമായ, തിളക്കമുള്ള റെക്കോര്‍ഡുകളാണ് വീരുവിനെ തേടിയെത്തുന്നത്. ക്രിക്കറ്റ് ലോകത്തെ നക്ഷത്രങ്ങള്‍ക്കൊപ്പം മിന്നിത്തിളങ്ങുന്ന വീരേന്ദര്‍ സെവാഗിന് ബിലൈവ് ന്യൂസിന്റെ അഭിനന്ദനങ്ങള്‍...
ഇന്ത്യന്‍ ക്രിക്കറ്റിലെ ചാവേര്‍ പോരാളി
T
No comments:
Post a Comment