Monday, December 12, 2011

റയലിന്റെ തട്ടകത്തിലും വിജയം ബാഴസയ്‌ക്ക്‌ തന്നെ

കളി തുടങ്ങി ഇരുപത്തിമൂന്നാം സെക്കന്‍ഡില്‍ ഗോള്‍ വഴങ്ങേണ്ടിവന്ന ഞെട്ടല്‍ മറികടന്ന്‌ ക്‌ളാസിക്‌ വിജയം ബാഴ്‌സലോണ പിടിച്ചെടുത്തു. സ്‌പാനിഷ്‌ ലീഗിലെ വമ്പന്‍മാരുടെ പോരാട്ടത്തിലാണ്‌ വിജയം കറ്റാലന്‍ ക്‌ളബിനൊപ്പം നിന്നത്‌. പരമ്പരാഗത എതിരാളികളായ റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ 1-3നായിരുന്നു ബാഴ്‌സലോണയുടെ വിജയം. മല്‍സരം അര മിനിട്ട്‌ തികയുന്നതിന്‌ മുമ്പ്‌ ഫ്രഞ്ച്‌ താരം കരിം ബെന്‍സാമയാണ്‌ റയലിനെ മുന്നിലെത്തിച്ചത്‌.

എന്നാല്‍ മുപ്പതാം മിനിട്ടില്‍ സൂപ്പര്‍താരം ലയണല്‍ മെസി ഒരുക്കിക്കൊടുത്ത സുവര്‍ണാവസരം വലയ്‌ക്കുള്ളിലാക്കി അലെക്‌സിസ്‌ സാഞ്ചസ്‌ ബാഴ്‌സയെ ഒപ്പമെത്തിച്ചു. ഇടവേളയ്‌ക്ക്‌ ശേഷം റയല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടു സ്വന്തം താരമായ മാഴ്‌സെലോയുടെ സെല്‍ഫ്‌ ഗോളില്‍ ബാഴ്‌സ്‌ ലീഡ്‌ നേടുമ്പോള്‍ സെന്റ്‌ ബെര്‍ണബു സ്‌റ്റേഡിയം നിശ്‌ചലമായി. അറുപത്തിയഞ്ചാം മിനിട്ടില്‍ അനിവാര്യമായ പതനം റയലിനെ തേടിയെത്തി. ഡാനി ആല്‍വേസിന്റെ തകര്‍പ്പന്‍ ക്രോസിന്‌ തലവെച്ച സെസ്‌ക്‌ ഫാബ്രിഗാസിന്‌ ഒട്ടും പിഴച്ചില്ല, ബാഴ്‌സ 3-1ന്‌ വിജയമുറപ്പിച്ചു. ഈ മല്‍സരത്തോടെ 37 പോയിന്റുകള്‍ വീതം നേടിയ റയലും ബാഴ്‌സയും ഒപ്പത്തിനൊപ്പമാണെങ്കിലും ഗോള്‍വ്യത്യാസത്തില്‍ മുന്നിലുളള ബാഴ്‌സലോണ ലീഗില്‍ ഒന്നാമതാണ്‌.

No comments:

Post a Comment