Sunday, January 22, 2012

മലയാള മനോരമയ്‌ക്കെതിരെ ഇന്ത്യാവിഷന്‍


E-mailPrintPDF

മലയാള മനോരമ ഉള്‍പ്പെടുന്ന തയ്യില്‍ കുടുംബം കാലാവധി കഴിഞ്ഞിട്ടും പാട്ടഭൂമി കൈവശം വെച്ചിരിക്കുന്നതായി രേഖകള്‍ സഹിതം ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. മലപ്പുറം പാന്തല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ അധീനതയിലുള്ള എഴുന്നൂറ്‌ ഏക്കറിലധികം ഭൂമി തയ്യില്‍ കുടുംബം അനധികൃതമായി കൈവശം വെച്ചിരിക്കുന്നതിന്റെ രേഖകളാണ്‌ ഇന്ത്യാവിഷന്‍ പുറത്തുവിട്ടത്‌.

ഈ റിപ്പോര്‍ട്ട്‌ സാധൂകരിക്കുന്ന വിധമുള്ള റവന്യൂവകുപ്പിന്റെ രേഖകളും ഇന്ത്യാവിഷന്‍ പുറത്തുവിട്ടിട്ടുണ്ട്‌. ആര്‍ ഡി ഒ, അഡീഷണല്‍ തഹസീല്‍ദാര്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച രേഖകളിലാണ്‌ തയ്യില്‍ കുടുംബം അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്നത്‌ വ്യക്‌തമായത്‌. വിവാദ ഭൂമിയുടെ കരം അടയ്‌ക്കുന്നത്‌ മനോരമ പ്‌ളാന്റേഷന്‍ എന്ന പേരിലാണെന്നും വില്ലേജ്‌ ഓഫീസിലെ രേഖകള്‍ തെളിയിക്കുന്നു. ഇത്‌ ഭൂമിയുടെ പാട്ടക്കരാറിന്റെ നഗ്‌നമായ ലംഘനമാണെന്നും ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മലപ്പുറം ജില്ലയിലെ മഞ്ചേരിയ്‌ക്കും പെരിന്തല്‍മണ്ണയ്‌ക്കും ഇടയിലാണ്‌ പാന്തല്ലൂര്‍ ദേവീക്ഷേത്രം. സാമൂതിരി നാടു ഭരിച്ചിരുന്ന കാലത്താണ്‌ മനോരമ ഉള്‍പ്പെടുന്ന തയ്യില്‍ കുടുംബത്തിലെ അന്നത്തെ പ്രധാനിയായ ചെറിയാച്ചന്‍ എന്നയാള്‍ക്ക്‌ ക്ഷേത്രഭൂമി പാട്ടത്തിന്‌ നല്‍കിയത്‌. പാട്ടക്കാലാവധി വ്യക്‌തമാക്കുന്ന സാമൂതിരി നല്‍കിയ രേഖകളും കഴിഞ്ഞദിവസം ഇന്ത്യാവിഷന്‍ പുറത്തുകൊണ്ടുവന്നിരുന്നു. രേഖകള്‍ സഹിതം നല്‍കിയ വാര്‍ത്തയെക്കുറിച്ച്‌ മനോരമ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യാവിഷനിലെ ചീഫ്‌ റിപ്പോര്‍ട്ടര്‍ ആര്‍ അനന്തകൃഷ്‌ണനാണ്‌ മനോരമയുടെ ഭൂമികൈയേറ്റം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്‌. നേരത്തെയും മനോരമയ്‌ക്കെതിരായി ഭൂമികൈയേറ്റ ആരോപണമുണ്ടായിരുന്നു. തിരുവനന്തപുരത്ത്‌ മനോരമ ഓഫീസിന്‌ പിന്നിലുള്ള തോട്‌ കൈയേറിയെന്നായിരുന്നു ആരോപണം. സിപിഎം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമെങ്കിലും, മനോരമയ്‌ക്കെതിരായ വാര്‍ത്തകള്‍ മറ്റ്‌ മാധ്യമങ്ങള്‍ തിരസ്‌ക്കരിക്കുകയാണ്‌ പതിവ്‌.

No comments:

Post a Comment