Friday, March 2, 2012

ഐഡിയ സ്‌റ്റാര്‍ സിംഗറും ഫ്‌ളാറ്റ്‌ തട്ടിപ്പ്‌ നടത്ത

E-mailPrintPDF

റിയാലിറ്റിഷോയില്‍ വിജയികളായ അന്ധഗായക കുടുംബത്തെ പുറമ്പോക്ക്‌ ഭൂമിയിലുള്ള ഫ്‌ളാറ്റ്‌ സമ്മാനമായി നല്‍കിയത്‌ വന്‍വിവാദമായി മാറുകയാണ്‌. ഇതിനിടയില്‍ മലയാളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റിഷോയായ ഐഡിയ സ്‌റ്റാര്‍ സിംഗറിലെ വിജയിയും ഫ്‌ളാറ്റ്‌ തട്ടിപ്പിന്‌ ഇരയായ വാര്‍ത്തകള്‍ പുറത്തുവരുന്നു. സ്‌റ്റാര്‍ സിംഗറിന്റെ നാലാം സീസണില്‍ വിജയിയായ കോഴിക്കോട്‌ സ്വദേശി ജോബി ജോണാണ്‌ തട്ടിപ്പിന്‌ ഇരയായിരിക്കുന്നത്‌.

അന്ധഗായക കുടുംബത്തിനുണ്ടായ ദുരനുഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെയാണ്‌ ജോബി തന്റെ അനുഭവകഥ ലോകത്തോട്‌ വിളിച്ച്‌ പറയുന്നത്‌. സ്‌റ്റാര്‍ സിംഗറില്‍ വിജയിയായി രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഒരുകോടി രൂപയുടെ ഫ്‌ളാറ്റ്‌ ഇതുവരെ ജോബിയ്‌ക്ക്‌ കിട്ടിയിട്ടില്ല. ഇതിനിടയില്‍ ചാനലുകാര്‍ ഒരു വില്ലയുടെ വരാന്തയില്‍ ജോബിയെ വെച്ച്‌ ഷൂട്ടു ചെയ്‌തു. പക്ഷെ സ്‌റ്റാര്‍ സിംഗറിന്റെ പുതിയ സീസണിലേക്കുള്ള പരസ്യത്തിനുവേണ്ടിയാണ്‌ അത്‌ ചെയ്‌തതെന്ന്‌ ജോബി പിന്നീടാണ്‌ അറിഞ്ഞത്‌. അത്രയ്‌ക്ക്‌ ക്രൂരതയാണ്‌ ചാനലുകാരും പരിപാടിയുടെ സ്‌പോണ്‍സറും ജോബിയോട്‌ കാട്ടിയത്‌.

കഷ്‌ടപ്പാടും ദുരിതങ്ങളും കാരണം ദരിദ്രകുടുംബത്തിലെ അംഗമായ ജോബിയ്‌ക്ക്‌ മുന്നോട്ടുള്ള ജീവിതം ദുസഹമായിരുന്നു. ഇതിനിടയിലാണ്‌ ഐഡിയ സ്‌റ്റാര്‍ സിംഗര്‍ ഓഡിഷന്‌ പോകുന്നതും തിരഞ്ഞെടുക്കപ്പെടുന്നത്‌. ജോബിയുടെ ദാരിദ്ര്യം സഹതാപരൂപത്തില്‍ എസ്‌ എം എസുകളായി വിറ്റ ചാനലുകാരും സ്‌പോണ്‍സറും കോടികള്‍ കൊയ്‌തെടുത്തു. ഒടുവില്‍ പത്തുലക്ഷത്തോളം എസ്‌ എം എസുകള്‍ നേടി ഗ്രാന്‍ഡ്‌ ഫിനാലെയില്‍ വിജയിച്ച ജോബിയ്‌ക്ക്‌ ഒരുകോടി രൂപയുടെ വില്ല ചാനലുകാര്‍ സമ്മാനമായി നല്‍കി. തെക്കന്‍കേരളത്തിലെ ഒരു പ്രമുഖ ബില്‍ഡറാണ്‌ ജോബിയ്‌ക്ക്‌ സമ്മാനമായി നല്‍കിയ വില്ല സ്‌പോണ്‍സര്‍ ചെയ്‌തത്‌. എന്നാല്‍ വില്ല സ്വന്തമാക്കണമെങ്കില്‍ 33 ലക്ഷം രൂപ നികുതി ഒടുക്കണമെന്ന ആവശ്യം സ്‌പോണ്‍സര്‍മാര്‍ മുന്നോട്ട്‌ വെച്ചു. ഇതിന്‌ വകയില്ലാതിരുന്ന ജോബി സമ്മാനം സ്വീകരിച്ചില്ല. ചാനലുകാര്‍ സമീപിച്ചപ്പോള്‍ നികുതി അവരും സ്‌പോണ്‍സര്‍മാരും കൂടി അടയ്‌ക്കാമെന്ന്‌ അറിയിച്ചു. എന്നാല്‍ ഓരോ അവധികള്‍ പറഞ്ഞ്‌ ചാനലുകാരും സ്‌പോണ്‍സര്‍മാരും രണ്ടുവര്‍ഷമായി ജോബിയെ കബളിപ്പിക്കുന്നു. റിയാലിറ്റിഷോകള്‍ നടത്തി എസ്‌എംഎസ്‌ തട്ടിപ്പിലൂടെ മലയാളികളുടെ പണം പിഴിയുന്ന ചാനലുകാരും മൊബൈലുകാരും ചേര്‍ന്ന്‌ പാവം കലാകാരന്‍മാരെയും കബളിപ്പിക്കുന്നതിനെതിരെ കേരളീയ സമൂഹം രംഗത്തുവരണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

No comments:

Post a Comment