കേരളത്തില്‍ താമസിക്കാന്‍ നല്ല നഗരം തിരുവനന്തപുരം
കേരളത്തില്‍ നല്ല ജീവിതസാഹചര്യമുള്ള നഗരം തിരുവനന്തപുരമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കോഴിക്കോടിനെ രണ്ടാം സ്ഥാനത്തേക്കും കൊച്ചിയെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളിയാണ് കേരളത്തിന്റെ തലസ്ഥാന നഗരി കൂടിയായ തിരുവനന്തപുരം ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയിലാണ് ഈക്കാര്യം വ്യക്‌തമായത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കോട്ടയം തുടങ്ങിയ നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്. കേരളത്തില്‍ ജീവിക്കാന്‍ ഏറ്റവും മോശം പരിതസ്ഥിതിയുള്ള നഗരം കോട്ടയമാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
30 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വ്വേയില്‍ അഞ്ചു റേറ്റിംഗ് പോയിന്റില്‍ 2.33 പോയിന്റാണ് തിരുവനന്തപുരത്തിന് ലഭിച്ചത്. കേരളത്തിലെ നഗരങ്ങളില്‍ താമസിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ജീവിതചെലവാണ്. ഇക്കാര്യത്തില്‍ അല്‍പ്പം ആശ്വസം തിരുവനന്തപുരത്തുകാര്‍ക്കാണെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ തിരുവനന്തപുരത്തിന് 2.5 പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ കൊച്ചിയ്‌ക്ക് 1.75 പോയിന്റാണ് ലഭിച്ചത്. ഗതാഗത കുരുക്കും വാഹന പാര്‍ക്കിംഗ് അപര്യാപ്‌തതയുമാണ് നഗരവാസികള്‍ നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍. വാഹന പാര്‍ക്കിംഗ് അപര്യാപ്‌തയില്‍ കൊച്ചിയാണ് ഏറ്റവും മോശം. തിരുവനന്തപുരത്തിനാണ് ഇക്കാര്യത്തില്‍ മികച്ച നിലവാരമുള്ളത്. വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ തൃശൂര്‍ ഒന്നാമതെത്തിയപ്പോള്‍ വിനോദ സൗകര്യത്തില്‍ തിരുവനന്തപുരമാണ് ബഹുദൂരം മുന്നില്‍. ആരോഗ്യപരിപാലനത്തിലും തിരുവനന്തപുരം തന്നെയാണ് മുന്നില്‍..
No comments:
Post a Comment