Friday, March 2, 2012

ടൈംസ്‌ ഓഫ്‌ ഇന്ത്യ എത്തി; മനോരമയ്‌ക്ക്‌ കനത്ത തിരിച്ചടി

E-mailPrintPDF

ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള ഇംഗ്‌ളീഷ്‌ ദിനപത്രം ടൈംസ്‌ ഓഫ്‌ ഇന്ത്യ കേരളത്തിലുമെത്തി. തിരുവനന്തപുരം, കൊച്ചി, കൊല്ലം, കോഴിക്കോട്‌, തൃശൂര്‍, പാലക്കാട്‌, ആലപ്പുഴ, മലപ്പുറം, കോട്ടയം തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന്‌ ആരംഭിച്ച ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ വരവ്‌ ഏറ്റവുമധികം ഭീഷണിയാകുന്നത്‌ മലയാളത്തിലെ ഒന്നാമനായ മലയാള മനോരമയ്‌ക്ക്‌ ആണെന്ന്‌ റിപ്പോര്‍ട്ട്‌. മാതൃഭൂമിയുമായി ചേര്‍ന്ന്‌ പ്രത്യേക പാക്കേജില്‍ ടൈംസ്‌ എത്തിയപ്പോള്‍ മനോരമയുടെ നിരവധി വരിക്കാര്‍ മാതൃഭൂമിയും ടൈംസും ഒന്നിച്ച്‌ എടുക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌.

സ്‌കൂള്‍ കുട്ടികളുടെ ഇംഗ്‌ളീഷ്‌ നിലവാരം മെച്ചപ്പെടുത്താന്‍ ഇംഗ്‌ളീഷ്‌ ദിനപത്രം വാങ്ങുന്ന പതിവ്‌ മലയാളികളുടെ ഇടയില്‍ വ്യാപകമാകുകയാണ്‌. ഇത്തരക്കാരെയാണ്‌ മാതൃഭൂമി-ടൈംസ്‌ പാക്കേജ്‌ കൈയിലെടുക്കുന്നത്‌. രണ്ടു പത്രം ഒന്നിച്ചു വാങ്ങുമ്പോള്‍ അമ്പതിലധികം രൂപയുടെ ഇളവ്‌ ലഭിക്കുമെന്നതാണ്‌ ആകര്‍ഷകമായ കാര്യം. ഇതുതന്നെയാണ്‌ മനോരമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ വരവ്‌ മനോരമയ്‌ക്ക്‌ പുറമെ മറ്റ്‌ മലയാളം, ഇംഗ്‌ളീഷ്‌ ദിനപത്രങ്ങള്‍ക്കും കനത്ത തിരിച്ചടിയായി മാറുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. മാതൃഭൂമിയ്‌ക്കൊപ്പം വാങ്ങുമ്പോള്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ തിങ്കള്‍ മുതല്‍ വെള്ളി വരെ രണ്ടു രൂപയും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടര രൂപയും നല്‍കിയാല്‍ മതി. അതേസമയം ടൈംസ്‌ ഓഫ്‌ ഇന്ത്യ മാത്രമായി വാങ്ങിയാല്‍ നാലു രൂപ മുതല്‍ നാലര രൂപ വരെയായിരിക്കും വില.

No comments:

Post a Comment