സെക്കന്‍ഡ്‌ഷോയും കോപ്പിയടി
മലയാള സിനിമയെ അടുത്തകാലത്തായി വിഴുങ്ങുന്ന കോപ്പിടയി വിവാദം പിടിവിടുന്നില്ല. എന്നാല്‍ ഇത്തവണ കഥയല്ല കോപ്പിയടിച്ചിരിക്കുന്നതെന്നതാണ് രസകരമായ സംഗതി. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റം കുറിച്ച സെക്കന്‍ഡ് ഷോ എന്ന സിനിമയാണ് പുതിയതായി കോപ്പിയടി വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. പക്ഷെ കഥ കോപ്പിയടിച്ചെന്ന ആരോപണമല്ല ഉള്ളത്.
പകരം സിനിമ ഒരുക്കുന്ന രീതിയിലും സാങ്കേതികവിദ്യകളുടെ വിന്യാസത്തിലും ചില ഹോളിവുഡ് ചിത്രങ്ങളുടെ സംവിധാന ശൈലി മുഴുവനായി കോപ്പിയടിച്ചെന്ന ആരോപണമാണുള്ളത്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ സിനിമകളിലൂടെ പ്രശസ്‌തനായ ഗൈ റിച്ചിയുടെ റിവോള്‍വര്‍, സ്‌നാച്ച്, ഷെര്‍ലക് ഹോംസ് എന്നീ ചിത്രങ്ങളിലെ കഥ പറയുന്ന ശൈലിയും സംഗീതവും എഡിറ്റിംഗും ഛായാഗ്രഹണവും പശ്‌ചാത്തല സംഗീതവുമെല്ലാം അതേരീതിയില്‍ സെക്കന്‍ഡ് ഷോയില്‍ പകര്‍ത്തിയതായാണ് ആരോപണം. വളരെ ലളിതമായ ഒരു അധോലോക കഥയെ ഹോളിവുഡ്, ലാറ്റിന്‍ അമേരിക്കന്‍ സിനിമകളുടെ ശൈലിയില്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചലച്ചിത്രമാക്കി മാറ്റുകയാണ് ശ്രീനാഥ് രാജേന്ദ്രന്‍ ചെയ്‌തിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും കഥയും സംഭാഷണവും രംഗങ്ങളും അപ്പാടെ കോപ്പിയടിയ്‌ക്കുന്നതിനേക്കാള്‍ ഭേദമാണ് സംവിധാന ശൈലിയും സാങ്കേതികതയും കോപ്പിയടിക്കുന്നതെന്നാണ് ഒരു കൂട്ടരുടെ വാദം. അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍, അറബീം ഒട്ടകവും പി മാധവന്‍നായരും, കാസനോവ, സെവന്‍സ്, ട്രാഫിക്, കോക്ക്‌ടെയില്‍, റേസ്, അര്‍ജുനന്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങള്‍ കോപ്പിയടിയാണെന്ന് ആരോപണമുണ്ടായിരുന്നു. നേരത്തെ പ്രിയദര്‍ശന്‍ ചിത്രങ്ങളും കോപ്പിയടിയാണെന്ന് ആരോപണമുണ്ടായിരുന്നു. മലയാള സിനിമയില്‍ പുതിയ കഥകളും അവതരണരീതിയും ആശയങ്ങളുമൊന്നും ഉണ്ടാകുന്നില്ലെന്ന ആരോപണത്തെ സാധൂകരിക്കുന്നതായിരുന്നു ഇത്തരം വിവാദങ്ങള്‍. ഏതായാലും മമ്മൂട്ടിയുടെ മകന്റെ ആദ്യ ചിത്രമെന്ന നിലയില്‍ ശ്രദ്ധേയമായ സെക്കന്‍ഡ് ഷോ സംവിധാന ശൈലിയിലെ കോപ്പിയടി കൊണ്ടും ശ്രദ്ധേയമാകുകയാണെന്നാണ് മലയാളം സിനിമാ ഇന്‍ഡസ്‌ട്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
No comments:
Post a Comment