Wednesday, June 22, 2011

ശ്രീദേവിക്കും ബോണികപൂറിനും നിത്യചെലവിനു കാശില്ല

ശ്രീദേവിക്കും ബോണികപൂറിനും നിത്യചെലവിനു കാശില്ല
ബോളിവുഡിനെ ഒരുകാലത്ത്‌ ഭരിച്ചിരുന്നവരായിരുന്നു ശ്രീദേവി- ബോണികപൂര്‍ ദമ്പതികള്‍. അഭിനേത്രിയെന്ന നിലയില്‍ ബോളിവുഡിലെ രാജ്‌ഞിയായി ശ്രീദേവി ഒരു ദശാബ്‌ദത്തോളം വിലസിയപ്പോള്‍ സൂപ്പര്‍ നിര്‍മാതാവ്‌ എന്ന സ്‌ഥാനമായിരുന്നു ബോണികപൂറിനുണ്ടായിരുന്നത്‌. ശ്രീദേവിയെ നായികയാക്കി നിരവധി സിനിമകളും ബോളിവുഡ്‌ താരം അനില്‍കപൂറിന്റെ സഹോദരനായ ബോണികപൂര്‍ നിര്‍മിച്ചിരുന്നു. എന്നാല്‍, തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന ആ വസന്തകാലത്തിന്റെ നാളുകള്‍ ഇരുവരുടെയും ജീവിതത്തില്‍നിന്നു കൊഴിഞ്ഞു തീര്‍ന്നിരിക്കുകയാണ്‌.

അഭിനയം മതിയാക്കി ബോണികപൂറിന്റെ ഭാര്യയായി ശ്രീദേവി ഒതുങ്ങിക്കൂടുകയായിരുന്നു. പക്ഷേ, അഭിനയകാലത്തെ ആഢംബരം നിറഞ്ഞ ജീവിതശൈലിയില്‍നിന്നു പിന്മാറാന്‍ അവര്‍ തയാറല്ലായിരുന്നു.

ഒരു അഭിനേത്രിയുടെ സൗന്ദര്യം ശ്രീദേവി ഇപ്പോഴും പരിരക്ഷിക്കുന്നു. അതോടൊപ്പം വസ്‌ത്രശേഖരത്തിനും സ്വര്‍ണാഭരണങ്ങള്‍ക്കും വന്‍തുകയാണ്‌ ശ്രീദേവി മുടക്കുന്നത്‌. മാസം 25 ലക്ഷത്തോളം രൂപയാണ്‌ ശ്രീദേവിയുടെ അടിപൊളി ജീവിതത്തിനായി ബോണികപൂറിനു വിനിയോഗിക്കേണ്ടിവരുന്നത്‌. ഇതിനിടെ നിര്‍മാണരംഗത്ത്‌ ബോണി കപൂറിന്റെ സാന്നിധ്യം സജീവമല്ലാതായി. അവസാനം നിര്‍മിച്ച ചില ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ മൂക്കുകുത്തിവീണു. വീണ്ടും ചിത്രങ്ങള്‍ നിര്‍മിക്കാനായി മാര്‍വാഡികളില്‍നിന്നു വന്‍തുകകള്‍ ഭീമന്‍ പലിശയ്‌ക്ക് ബോണികപൂര്‍ കടമെടുക്കുകയും ചെയ്‌തിരുന്നു. ഇതെല്ലാം ബോണികപൂറിനെ സാമ്പത്തികമായി തകര്‍ത്തിരുന്നു.

എന്നാല്‍, ബോണികപൂര്‍ ഒരു പ്രമുഖചാനലിന്റെ പ്രോഗ്രാം തലവനായി ജോലി സ്വീകരിച്ചതാണ്‌ ശ്രീദേവി-ബോണികപൂര്‍ ദമ്പതികള്‍ പാപ്പരാണെന്ന വാര്‍ത്തകള്‍ സ്‌ഥിരീകരിക്കാനിടയാക്കിയത്‌. വന്‍തുക പ്രതിഫലം ലഭിക്കുന്ന ജോലിയാണിതെങ്കിലും ഒരു കാലത്ത്‌ ബോളിവുഡ്‌ അടക്കിഭരിച്ചിരുന്ന ബോണികപൂറിന്റെ അവസ്‌ഥ ശത്രുക്കളെപ്പോലും വിഷമിപ്പിച്ചെന്നാണ്‌ മുംബൈ വാര്‍ത്തകള്‍. പക്ഷേ, ആനമെലിഞ്ഞാല്‍ ചിലപ്പോള്‍ തൊഴുത്തില്‍ കെട്ടേണ്ടിവരുമെന്നാണ്‌ ബോണികപൂര്‍ പറയുന്നത്‌.

No comments:

Post a Comment