Friday, August 5, 2011

കുവൈത്ത്: രാജ്യത്ത് സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വീസുകളില്‍നിന്നും വിദേശികളെ ഒഴിവാക്കുന്നതിന് നീക്കങ്ങളാരംഭിച്ചു. പ്രതിരോധ മന്ത്രാലയത്തില്‍ തൊഴില്‍ ചെയ്യുന്ന 60 വയസ്സ് പൂര്‍ത്തിയായ വിദേശികള്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കേണ്ടതില്ല എന്ന് മന്ത്രാലയം തീരുമാനിച്ചു.

പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ജാബിര്‍ അല്‍ മുബാറക് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് പ്രതിരോധമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജസാര്‍ അല്‍-ജസാര്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനാണ് തീരുമാനം. വിദേശികള്‍ നിലവില്‍ ജോലി ചെയ്യുന്ന തസ്തികകളില്‍നിന്നുള്ള ഉദ്യോഗക്കയറ്റവും അതുപോലെ വര്‍ധിപ്പിച്ച അലവന്‍സുകളും ശമ്പളവര്‍ധനയും മരവിപ്പിക്കുന്നതിനും നിര്‍ദേശം നല്‍കി.


രാജ്യത്ത് സ്വദേശികളില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സ്വദേശികളായ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മാ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പാര്‍ലമെന്റംഗങ്ങള്‍ മുന്നോട്ടു വന്നത് സര്‍ക്കാറിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.


No comments:

Post a Comment