Wednesday, September 14, 2011

വയലാറിന്റെ മരണം; വെളിപ്പെടുത്തല്‍ വിവാദമാവുന്നു


Vayalar Ramavarma

കൊല്ലം: മലയാളത്തിന്റെ പ്രിയ കവിയും ഗാനരചിയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ മരണകാരണം ആശുപത്രി അധികൃതരുടെ കൈപ്പിഴ മൂലമാണെന്ന് വെളിപ്പെടുത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം കൊടുത്ത രണ്ടാമത്തെ കുപ്പി രക്തം രാമവര്‍മ്മയുടെ ഗ്രൂപ്പില്‍പ്പെട്ടതായിരുന്നില്ലെന്ന ഏഴാച്ചേരി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ വിവാദമായിക്കഴിഞ്ഞു.

ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന് പ്രഥമ ഹരിശ്രീ രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് ഏഴാച്ചേരി വെളിപ്പെടുത്തല്‍ നടത്തിയത്.

വയലാര്‍ രാമവര്‍മ്മയുടെ അവസാന നാളുകളിലെ ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. ഡോക്ടര്‍ പി.കെ.ആര്‍ വാര്യര്‍ ശസ്ത്രക്രിയ നടത്തി. അതിനു ശേഷം കൊടുത്ത രണ്ടാമത്തെ കുപ്പി രക്തം വയലാറിന്റെ ഗ്രൂപ്പില്‍പ്പെട്ടതായിരുന്നില്ല. ഈ രക്തം സ്വീകരിച്ചയുടന്‍ മരണം സംഭവിച്ചുവെന്ന് ഏഴാച്ചേരി പറഞ്ഞു.

ഇക്കാര്യം പുറത്തറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതം മനസിലാക്കിയ ഡോക്ടറും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും രക്തഗ്രൂപ്പ് മാറിയ വിവരം രഹസ്യമായി സൂക്ഷിച്ചു. അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ഒരു നേതാവില്‍ നിന്നാണ് താന്‍ ഈ വിവരം അറിഞ്ഞത്.

ഇതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കേണ്ട ആരും ഇന്നു ജീവിച്ചിരിപ്പില്ല. എന്നാലും തനിക്കറിയാവുന്ന കാര്യം പങ്കുവെയ്ക്കുകയാണ്. 1975 ഒക്‌ടോബര്‍ ഇരുപത്തിയേഴിന് നാല്‍പത്തിയേഴാമത്തെ വയസിലാണ് വയലാര്‍ അന്തരിച്ചത്.

No comments:

Post a Comment