Tuesday, November 15, 2011

ഒരു കൈ നോക്കാന്‍ നോകിയയും- ഇതായെത്തി ലൂമിയ




സാംസങ്ങും ആപ്പിളും കൈയാളുന്ന സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയയുടെ ശ്രമം. ഇതിന്റെ ആദ്യ ചുവടുവെയ്‌പ്പായി, മൈക്രോസോഫ്‌റ്റുമായി ചേര്‍ന്ന്‌ ലൂമിയ ശ്രേണിയില്‍പ്പെട്ട സ്‌മാര്‍ട്‌ഫോണുകള്‍ നോകിയ പുറത്തിറക്കി. ലൂമിയ 800, ലൂമിയ 710 എന്നിങ്ങനെ രണ്ടു പതിപ്പുകളായാണ്‌ നോകിയ പുതിയ സ്‌മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത്‌.

ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും ഡിസംബര്‍ മുതലായിരിക്കും ഇതിന്റെ വില്‍പന ആരംഭിക്കുക.

ഫ്‌ളോട്ടിംഗ്‌ ഗ്‌ളാസ്‌ ഡിസ്‌പ്‌ളേ, 8 മെഗാപിക്‌സല്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്‌, 16 ജിബി ഇന്റേണല്‍ മെമ്മറി, 512 എംബി പ്രോഗ്രാം മെമ്മറി തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ലൂമിയ 800ന്‌ ഇന്ത്യയില്‍ ഏകദേശം 29000 രൂപയായിരിക്കും വില. എല്‍ഇഡി ഫ്‌ളാഷ്‌ ലഭ്യമാകുന്ന 5 എം പി ക്യാമറ, 8 ജിബി ഇന്റേണല്‍ മെമ്മറി, 512 എംബി പ്രോഗ്രാം മെമ്മറി എന്നീ സവിശേഷതകളുള്ള ലൂമിയ 710ന്‌ ഇന്ത്യയില്‍ 19000 രൂപയായിരിക്കും വില.

അത്യാധുനിക ടച്ച്‌ സ്‌ക്രീന്‍ സാങ്കേതികവിദ്യയുള്ള രണ്ടു പതിപ്പുകളും റണ്‍ ചെയ്യുന്നത്‌ മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസ്‌ ഫോണ്‍ 7.5- മാംഗോ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിലാണ്‌. നോകിയ ഡ്രൈവ്‌, നോകിയ മ്യൂസിക്‌, മിക്‌സ്‌ റേഡിയോ തുടങ്ങിയ ആപ്‌ളിക്കേഷനുകള്‍ ഫോണിലുണ്ടാകും. നോകിയയുടെ ജനപ്രിയ നാവിഗേഷന്‍ ആപ്‌ളിക്കേഷനാണ്‌ നോകിയ ഡ്രൈവ്‌. അതുപോലെ ആഗോളതലത്തില്‍ സ്വീകാര്യതയുള്ള സൗജന്യ സംഗീത ആസ്വാദന ആപ്‌ളിക്കേഷനാണ്‌ നോകിയ മ്യൂസിക്‌.

മൊബൈല്‍ഫോണ്‍ നിര്‍മ്മാണ രംഗത്ത്‌ നോകിയയും മൈക്രോസോഫ്‌റ്റും ചേര്‍ന്ന്‌ ഫെബ്രുവരിയില്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ്‌ പുതിയ സ്‌മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്‌. സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആപ്പിള്‍, സാംസങ്ങ്‌ എന്നിവ ഉയര്‍ത്തുന്ന ശക്‌തമായ വെല്ലുവിളി നേരിടാനാണ്‌ നോകിയ, മൈക്രോസോഫ്‌റ്റുമായി കരാറുണ്ടാക്കിയത്‌.

No comments:

Post a Comment