Wednesday, November 23, 2011


മാളികപ്പുറത്തമ്മയുടെ കഥ

E-mailPrintPDF

ദേവലോകത്തിനു ഭീഷണിയായി തീര്‍ന്ന മഹിഷിയെ വധിക്കുക എന്നതായിരുന്നു ധര്‍മ്മശാസ്താവായ അയ്യപ്പന്റെ അവതാരലക്ഷ്യം. പുലിപ്പാല്‍ തേടി കൊടുംവനത്തിലേക്ക് പോകുന്ന മണികണ്ഠന്‍ തന്റെ അവതാരലക്ഷ്യം തിരിച്ചറിയുകയും, ദേവന്‍മാരെ കിടുകിടാ വിറപ്പിച്ച് നില്‍ക്കുന്ന മഹിഷിയെ ദേവലോകത്ത് എത്തി എതിരിടുകയും ചെയ്യുന്നു. ഒടുവില്‍ മണികണ്ഠന്‍ മഹിഷിയുടെ കൊമ്പില്‍പ്പിടിച്ച് ഉയര്‍ത്തി, ഭൂമിയിലേക്ക് വലിച്ചെറിയുന്നു.

അങ്ങനെ അഴുതാനദിക്കരയില്‍ വന്നു വീഴുന്ന മഹിഷിയെ അവിടെയെത്തുന്ന മണികണ്ഠന്‍ വീണ്ടും മര്‍ദ്ദിക്കുകയും, പുറത്ത്കയറി നിന്ന് നൃത്തം ചെയ്യുകയും ചെയ്യുന്നു.

അതിനിടയില്‍ തനിക്ക് ശാപമോക്ഷം തരാനെത്തുന്ന ധര്‍മ്മശാസ്താവിന്റെ മനുഷ്യാവതാരമാണ് മണികണ്ഠനെന്ന് മഹിഷി തിരിച്ചറിയുന്നു. അപ്പോള്‍ മഹിഷി ശാസ്താ സ്തുതി നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതോടെ അയ്യപ്പന്‍ മര്‍ദ്ദനം നിറുത്തി അവരുടെ നെറുകയില്‍ തലോടുന്നു. അതോടെ മഹിഷിയുടെ ശരീരത്തില്‍ നിന്ന് സുന്ദരിയായ ഒരു യുവതി ഉയിര്‍കൊള്ളുന്നു.

അയ്യപ്പനില്‍ മോഹം ജനിക്കുന്ന ആ സുന്ദരി, തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇപ്പോള്‍ താന്‍ ബ്രഹ്മചാരിയാണ്, സന്നിധാനത്ത് തന്നെ ദര്‍ശിക്കാന്‍ കന്നി അയ്യപ്പന്‍മാര്‍ എത്താത്ത കാലത്ത് വിവാഹം കഴിക്കാം എന്നായിരുന്നു അയ്യപ്പന്റെ മറുപടി.

എന്നാല്‍ ശബരിമലയില്‍ താന്‍ കുടികൊള്ളുമ്പോള്‍ അതിനുസമീപത്തായി വസിക്കാന്‍ അയ്യപ്പന്‍ ആ സുന്ദരിയ്ക്ക് അനുവാദം നല്‍കി. അങ്ങനെ മഹിഷിയില്‍ നിന്ന് രൂപാന്തരം പ്രാപിച്ച സുന്ദരീ രൂപം മാളികപ്പുറത്തമ്മയായി പ്രതിഷ്ഠക്കപ്പെടുന്നു. എല്ലാ വര്‍ഷവും കന്നി അയ്യപ്പന്‍മാര്‍ എത്തിയോ എന്നറിയാന്‍ മാളികപ്പുറത്തമ്മ ശരംകുത്തിയിലേക്ക് എഴുന്നള്ളാറുണ്ട്. ഓരോതവണയും നിരാശയായി ശരക്കോലുകള്‍ കണ്ട് ദു:ഖിതയായാണ് മാളികപ്പുറത്തമ്മയുടെ മടക്കം.

ഭഗവതിസേവയാണ് മാളികപ്പുറത്തമ്മയുടെ ഇഷ്ട വഴിപാട്. പട്ടുടയാട, പൊട്ട്, ചാന്ത്, കണ്‍മഷി, വള തുടങ്ങിയവയും വഴിപാടായി കാഴ്ചവെയ്ക്കാറുണ്ട്. തേങ്ങയുരുട്ടലും മാളികപ്പുറത്തമ്മയുടെ പ്രധാന നേര്‍ച്ചയാണ്.

കൊച്ചുകടുത്ത സ്വാമി, നാഗരാജാവ്, നവഗ്രഹങ്ങള്‍, എന്നിവരുടെ ക്ഷേത്രങ്ങളും മണിമണ്ഡപവും മാളികപ്പുറത്താണ്. ശാസ്താവിന്റെ വിഗ്രഹത്തില്‍ ലയിക്കുന്നതിന് മുമ്പ് അയ്യപ്പന്‍ മണിമണ്ഡപത്തിലിരുന്ന് ധ്യാനിച്ചെന്നാണ് വിശ്വാസം.

No comments:

Post a Comment