അയ്യപ്പന്റെ ആത്മിത്രമായി കരുതുന്ന വാവരെ പറ്റി നിരവധി കഥകള്‍ നിലവിലുണ്ട്. അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തെ ഹിന്ദു-മുസ്ലിം മൈത്രിയുടെ ഉദാത്തമാതൃകകളായാണ് കാണുന്നത്. അയ്യപ്പന്റെ ആത്മമിത്രമായ വാവരും പൂങ്കാവനത്തില്‍ കാവല്‍ നില്‍ക്കുന്നതെന്ന് കരുതപ്പെടുന്ന വാപരും രണ്ടാണെന്നും അതല്ല, അവര്‍ ഒന്നാണെന്നും കഥകള്‍ നിലവിലുണ്ട്.
വാവര്‍ ആരാണ് എന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം ഇന്നും കണ്ടെത്താനായിട്ടില്ല. പന്തളം രാജാവിന്റെ നിര്‍ദ്ദേശപ്രകാരം പുലിപ്പാല്‍ തേടി വനത്തില്‍പ്പോയ മണികണ്ഠനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും ശേഷം ഉറ്റമിത്രവുമായ ഒരു മുസ്ലിം സിദ്ധനാണ് വാവര്‍ എന്ന കഥയ്ക്കാണ് കൂടുതല്‍ പ്രചാരം.
മക്കംപുരയില്‍ ഇസ്മയില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ് വാവരെന്ന് ബാവരു മാഹാത്മ്യം എന്ന ഗ്രന്ഥത്തില്‍ പറയുന്നു. വാവരായിരുന്നത് മുഗള്‍ ഭരണാധികാരിയായ ബാവര്‍ ചക്രവര്‍ത്തിയാണെന്നും വിശ്വസിക്കുന്നവരുണ്ട്. ബാവര്‍ ചക്രവര്‍ത്തിയുടെ വീരകഥകളുടെ പുനരാഖ്യാനമാണ് വാവര്‍ കഥകളെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.
അതേസമയം വാപരെക്കുറിച്ചുള്ള ഒരു കഥ ശ്രദ്ധിക്കുക. പന്തളം രാജ്ഞിയുടെ അസുഖം ഭേദമാക്കുന്നതിന് പുലിപ്പാല്‍ തേടി വനത്തിലെത്തിയ അയ്യപ്പന്‍ അഴുതനദിക്കരയില്‍ വച്ച് മഹിഷിയുമായി ഏറ്റുമുട്ടി. മഹിഷിയെ കീഴടക്കി, ശാപമോക്ഷം നല്‍കിയ അയ്യപ്പന്‍ അവതാരലക്ഷ്യം പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്ന ഭൂതസംഘത്തിലെ അംഗമായ വാപരെ വിളിച്ച് ദുര്‍ഘടമായ വനപാതകളിലൂടെ കടന്നുപോകുന്ന ഭക്തരെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
അയ്യപ്പക്ഷേത്രം നിര്‍മ്മിക്കാന്‍ ശബരിമലയിലേക്ക് പോകുന്ന പന്തളം രാജാവും സംഘവും മാര്‍ഗമദ്ധ്യേ എരുമേലിയില്‍ വാപര്‍ക്ക് ക്ഷേത്രം നിര്‍മ്മിക്കുന്നു. അഗസ്ത്യമുനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് പറയപ്പെടുന്നത്.
കുരുമുളകാണ് വാവര്‍ പള്ളിയിലെ പ്രധാന വഴിപാട്. ഇതിനുകാരണമായി ഒരു കഥ നിലവിലുണ്ട്. വനത്തില്‍വെച്ച് യുദ്ധത്തില്‍ പരാജയപ്പെട്ട വാവര്‍ അയ്യപ്പനുമായി സന്ധി ചെയ്തു സൌഹൃദം സ്ഥാപിച്ചു. ഇതിനുകാരണം മലമുകളില്‍ സുലഭമായി ഉണ്ടായിരുന്ന കുരുമുളകാണെന്ന് ചില കഥകളില്‍ പറയുന്നു.
കപ്പലോട്ടക്കാരനായ വാവര്‍ ചുങ്കം നല്‍കാത്തത് അയ്യപ്പനെ കുപിതനാക്കിയെന്നും ഒരു കഥയുണ്ട്. ഇതേത്തുടര്‍ന്ന് പുറക്കാട്ട് കടപ്പുറത്ത് നടന്ന യുദ്ധത്തില്‍ അയ്യപ്പന്‍ കപ്പലിന്റെ പാമരം മുറിച്ചുകളയുന്നു. അങ്ങനെ വാവര്‍ കൈവള ഊരി കപ്പം നല്‍കി അയ്യപ്പനുമായി സൌഹൃദം സ്ഥാപിക്കുന്നതായും ഒരു ശാസ്താം പാട്ടില്‍ പറയുന്നുണ്ട്.
വാവരുടെ പിന്‍മുറക്കാരില്‍ ഏറ്റവും പ്രശസ്തനായത് മല്ലപ്പള്ളി വായ്പൂര് ചെറുതോട്ട് വഴിമുറിയില്‍ വെട്ടിപ്ളാക്കല്‍ അമീര്‍ഖാദി സെയിനുദ്ദീന്‍ ബഹദൂര്‍ ബാവരു ബാവ മുസലിയാര്‍ ആണ്. ഇദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ സ്വത്തവകാശത്തെ ചൊല്ലി തര്‍ക്കിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തു. അങ്ങനെ ട്രസ്റ്റ് രൂപീകരിച്ച് അന്തരാവകാശികള്‍ ശബരിമലയിലെ വാവര്‍ തറയില്‍ പൂജ നടത്തി. മാന്നാര്‍ സെയിഫുദ്ദീന്‍ മുസലിയാരാണ് ഇപ്പോള്‍ വാവര് തറയില്‍ കര്‍മിയായി ഇരിക്കുന്നത്.
ശബരിമലയിലെ വാവര്‍ തറയില്‍ ലഭിക്കുന്ന വരുമാനത്തിന്റെ കാല്‍ ഭാഗം ദേവസ്വം ബോര്‍ഡിനാണ്. ബാക്കി കുടുംബാംഗങ്ങള്‍ വീതിച്ചെടുക്കും. ഇഷ്ടകാര്യം സാധിക്കുന്നതിനുവേണ്ടിയും പരേതാത്മാക്കളുടെ മോക്ഷപ്രാപ്തിക്കുവേണ്ടിയുമുള്ള പൂജകളാണ് വാവര്‍തറയില്‍ നടക്കുന്നത്. കുരുമുളകാണ് വാവര്‍ പള്ളിയിലെ പ്രധാന വഴിപാട്. കാണിക്കയും നെല്ല്, ചന്ദനം, സമ്പ്രാണി, പനിനീര്‍, നെയ്യ്, നാളികേരം, എന്നിവയും ഇവിടുത്തെ വഴിപാടുകളാണ്. എരുമേലിയിലും ഒരു വാവര്‍പള്ളിയുണ്ട്.
No comments:
Post a Comment