Tuesday, November 8, 2011

ഫേസ്‌ബുക്കിലെ മാറ്റങ്ങള്‍ ഉപയോക്‌താക്കളെ ആശങ്കപ്പെടുത്തുന്നു




ലോകത്തിലെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്‌മ സൈറ്റായ ഫേസ്‌ബുക്കില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ പകുതിയോളം ഉപയോക്‌താക്കളില്‍ ആശങ്കയുളവാക്കുന്നതാണെന്ന്‌ റിപ്പോര്‍ട്ട്‌. സ്വകാര്യത, സുരക്ഷ എന്നിവ സംബന്ധിച്ചാണ്‌ ഫേസ്‌ബുക്കില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്‌. എന്നാല്‍ ഇവ ഉപയോക്‌താക്കളെ ആശങ്കപ്പെടുത്തുന്നതായാണ്‌ ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ വ്യക്‌തമാകുന്നത്‌. കഴിഞ്ഞ 18 മാസത്തിനിടെ എട്ടുതവണ പ്രൈവസി സെറ്റിംഗ്‌സില്‍ ഫേസ്‌ബുക്ക്‌ മാറ്റം വരുത്തിയിട്ടുണ്ട്‌.

എന്നാല്‍ ഒരു മുന്നറിയിപ്പോ, വിശദീകരണമോ നല്‍കാതെയാണ്‌ പലപ്പോഴും ഫേസ്‌ബുക്കില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്‌. ഇത്‌ പലപ്പോഴും തങ്ങളെ കുഴക്കിയിട്ടുണ്ടെന്ന്‌ സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ പുതിയ മാറ്റങ്ങള്‍ക്ക്‌ അനുസൃതമായി പ്രൈവസി സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന്‌ 19 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കുറെ മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കിലും ഫേസ്‌ബുക്കിലെ സുരക്ഷയില്‍ ഇപ്പോഴും ആശങ്കയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒരു പരിചയമില്ലാത്തവര്‍ക്കും തങ്ങളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്‌. ഇതിന്‌ ഒരു പരിഹാരം കാണാന്‍ ഫേസ്‌ബുക്കിന്‌ സാധിച്ചിട്ടില്ല. കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഇപ്പോള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഉപയോക്‌താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണെന്നാണ്‌ ഫേസ്‌ബുക്ക്‌ അധികൃതരുടെ വാദം. എന്നാല്‍ ഉപയോക്‌താക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തത്‌ വീഴ്‌ചയായി മാറിയെന്നും പരിശോധിക്കുമെന്നും ഫേസ്‌ബുക്ക്‌ വക്‌താവ്‌ അറിയിച്ചു

No comments:

Post a Comment