Wednesday, November 23, 2011

അവതാരകഥ


E-mailPrintPDF

ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ് മഹര്‍ഷി ഒരിക്കല്‍ ദേവലോകത്ത് സന്ദര്‍ശനത്തിനെത്തി . ദേവരാജാവായ ദേവേന്ദ്രനെ കാണുകയായായിരുന്നു മഹര്‍ഷിയുടെ ആഗമനോദ്ദേശം. മഹര്‍ഷിയെ ഇന്ദ്രദേവന്‍ വളരെ ബഹുമാനത്തോടെ സ്വീകരിച്ചാനയിച്ചു.

ഇന്ദ്രന്റെ ആതിഥ്യമര്യാദയില്‍ സന്തുഷ്ടനായ ദുര്‍വ്വാസാവ് സ്വന്തം കഴുത്തില്‍ അണിഞ്ഞിരുന്ന ദിവ്യമായ പൂമാല ദേവേന്ദ്രനു സമ്മാനിച്ചു.

എന്നാല്‍ പൂമാല, ഇന്ദ്രന്‍ സ്വന്തം വാഹനമായ ഐരാവതത്തിനെ അണിയിച്ചു. മാലയിലെ പൂക്കളുടെ സുഗന്ധം മൂലം വണ്ടുകള്‍ മൂളിപ്പാഞ്ഞെത്തി. ഇതുസഹിക്കവയ്യാതെ ഐരാവതം മാല കഴുത്തില്‍ നിന്ന് ഊരി, നിലത്തിട്ട് ചവിട്ടി. ഇതുകണ്ടു കോപം കൊണ്ടു ജ്വലിച്ച ദുര്‍വ്വാസാവ് മഹര്‍ഷി ദേവന്മാരെ ശപിച്ചു. "ദേവേന്ദ്രനും ദേവഗണങ്ങളും ജരാനരകള്‍ ബാധിച്ച വൃദ്ധന്‍മാരായി മാറട്ടെ".

ശാപമോക്ഷത്തിനായി ദേവേന്ദ്രനും ദേവന്‍മാരും ത്രിമൂര്‍ത്തികളില്‍ ഒരാളായ മഹാവിഷ്ണുവില്‍ അഭയം തേടി. ജരാനര മാറാന്‍ പാലാഴി കടഞ്ഞെടുക്കുന്ന അമൃത് ഭക്ഷിച്ചാല്‍ മതിയാകുമെന്ന് മഹാവിഷ്ണു ഉപദേശിച്ചു.

ദേവന്‍മാര്‍ ഒറ്റയ്ക്ക് പാലാഴി കടയാന്‍ പറ്റില്ല. അതിനായി ദേവേന്ദ്രന്‍ അസുരന്‍മാരുടെ സഹായം തേടി. കിട്ടുന്നതില്‍ പകുതി നല്‍കാമെന്ന് ഇന്ദ്രന്‍ വാഗ്ദ്ദാനം നല്‍കിയതോടെ അമൃത് കടയാന്‍ അസുരന്‍മാരും ചേര്‍ന്നു. എന്നാല്‍ കടഞ്ഞെടുത്ത അമൃത് മുഴുവന്‍ അസുരന്‍മാര്‍ തട്ടിയെടുത്തു. ഇതറിഞ്ഞ മഹാവിഷ്ണു, ദേവന്‍മാരുടെ രക്ഷയ്ക്കെത്തി. മഹാവിഷ്ണു അതിസുന്ദരിയായ മോഹിനി എന്ന യുവതിയുടെ വേഷത്തില്‍ അമൃത് കൈക്കലാക്കിയ അസുരന്‍മാരുടെ അടുത്തെത്തി. മോഹിനിയുടെ സൌന്ദര്യത്തില്‍ ആകൃഷ്ടരായ അസുരന്‍മാരെ തന്ത്രത്തില്‍ കബളിപ്പിച്ച് മഹാവിഷ്ണു അമൃത് കൈക്കലാക്കി ദേവന്‍മാര്‍ക്ക് നല്‍കി.

ഇതിനിടെ മഹാവിഷ്ണുവിന്റെ മോഹിനീ രൂപത്തെക്കുറിച്ച് അറിഞ്ഞ പരമശിവന്റെ ഉള്ളില്‍ ഒരു മോഹമുദിച്ചു. അതിസുന്ദരിയായ മോഹിനിയെ കാണണം. അങ്ങനെ മോഹിനിയുടെ അടുത്തെത്തിയ മഹാദേവന്‍ അവളില്‍ ആകൃഷ്ടയായി. അങ്ങനെ പരമശിവന്‍ മോഹിനിയെ പുണര്‍ന്നു. അങ്ങനെ പരമശിവന് വിഷ്ണുമായ ആയ മോഹിനിയില്‍ ഹരിഹര പുത്രനായ ധര്‍മ്മശാസ്താവ് ജന്‍മം കൊണ്ടു.

എല്ലാവരെയും അതിശയിപ്പിച്ച് എല്ലാ വേദശാസ്ത്രങ്ങളും വേഗത്തില്‍ സ്വായത്തമാക്കിയ ധര്‍മ്മശാസ്താവ് കൈലാസത്തില്‍ വളര്‍ന്നു. ഇന്ദ്രനെ കീഴടക്കി ദേവലോകം പിടിച്ചടക്കിയ മഹിഷിയെ വധിക്കുകയാണ് തന്റെ അവതാരലക്ഷ്യമെന്ന് ഹരിഹരപുത്രന്‍ പരമശിവനില്‍ നിന്ന് മനസിലാക്കി. അതിനായി 12 വര്‍ഷം ഭൂമിയില്‍ വസിക്കേണ്ടതുണ്ടെന്നും പരമശിവന്‍ നിര്‍ദ്ദേശിച്ചു.

മഹിഷാസുരവധത്തിനായി ധര്‍മ്മശാസ്താവിനെ ഭൂമിയിലേക്ക് അയയ്ക്കുന്നതിനുള്ള ഉപായം പരമശിവന്‍ തന്നെ കണ്ടെത്തി. ഭൂമിയില്‍ പന്തളം രാജ്യത്തെ രാജശേഖര രാജാവും രാജ്ഞിയും കുട്ടികളില്ലാത്ത ദുഖത്തില്‍ കഴിയുകയായിരുന്നു. തന്റെ ഭക്തനായ പന്തളം രാജാവിന് ധര്‍മ്മശാസ്താവിനെ നല്‍കാന്‍ പരമശിവന്‍ തീരുമാനിച്ചു.

വനത്തില്‍ നായാട്ടിനു പോയ രാജാവ് പമ്പാനദിയുടെ തീരത്ത് ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. പെട്ടെന്ന് അവിടേക്കെത്തിയ രാജാവ് കണ്ട കാഴ്ച വിസ്മയാവഹമായിരുന്നു. കഴുത്തില്‍ മണി കെട്ടിയ, ഓമനത്തം തുളുമ്പുന്ന ഒരു കുഞ്ഞ് പട്ടുചേലയില്‍ കിടക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ രാജാവ് പകച്ചുനിന്നപ്പോള്‍ ഒരു അശരീരി ഉണ്ടായി- ''പുത്ര നില്ലാത്തില്‍ ദുഖിതനായ കഴിയുന്ന അങ്ങ്, ഈ കുട്ടിയെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തു, കഴുത്തില്‍ മണികെട്ടിയതിനാല്‍ ഇവന്‍ മണികണ്ഠന്‍ എന്നറിയപ്പെടും. 12 വയസാകുമ്പോള്‍ അയ്യപ്പന്‍ എന്നായിരിക്കും ഇവന്റെ പേര്''.

അങ്ങനെ കുഞ്ഞിനെയുമെടുത്ത് രാജാവ് കൊട്ടാരത്തിലെത്തി. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍ രാജ്ഞിയ്ക്കും സന്തോഷമായി. കുഞ്ഞിന് മണികണ്ഠന്‍ എന്നു പേരിട്ടു. കുഞ്ഞ് എത്തിയ ശേഷം കൊട്ടാരത്തിനും പന്തളം ദേശത്തിനും ഐശ്വര്യങ്ങള്‍ വര്‍ദ്ധിച്ചു. ഗുരുകുലത്തില്‍ വിട്ട് മണികഠ്ണനെ വിദ്യയും ആയോധനകലയും മറ്റും അഭ്യസിപ്പിച്ചു. മറ്റുള്ളവരെ ശരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാ വിദ്യകളും മണികണ്ഠന്‍ സ്വായത്തമാക്കി. ഇതിനിടെ രാജാവിന് സ്വന്തം കുഞ്ഞ് ജനിച്ചിരുന്നു. വളര്‍ത്തുമകനാണെങ്കിലും രാജാവിന് മണികണ്ഠനോടുള്ള സ്നേഹത്തില്‍ അല്‍പ്പം പോലും കുറവുണ്ടായിരുന്നില്ല.

മണികണ്ഠന് പന്ത്രണ്ട് വയസായപ്പോള്‍ യുവരാജാവായി വാഴിക്കാന്‍ രാജാവ് തീരുമാനിച്ചു. എന്നാല്‍ മന്ത്രിക്ക് ഇത് സഹിച്ചില്ല. ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്ന് മന്ത്രി രാജാവിനെ ഉപദേശിച്ചെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ മന്ത്രി രാജ്ഞിയെ സമീപിച്ചു. മണികണ്ഠന്‍ യുവരാജാവാകുന്നതോടെ സ്വന്തം കുട്ടിയ്ക്ക് കൊട്ടാരത്തില്‍ ഒരു സ്ഥാനവുമില്ലാതെയാകുമെന്ന് മന്ത്രി രാജ്ഞിയെ ബോധിപ്പിച്ചു. ഇതു വിശ്വസിച്ച രാജ്ഞി, ഇനി എന്തു ചെയ്യുമെന്ന് മന്ത്രിയോട് ചോദിച്ചു. മണികണ്ഠനെ ഇല്ലാതാക്കുക എന്നതു മാത്രമാണ് ഏക പോംവഴിയെന്ന് മന്ത്രി രാജ്ഞിയോട് പറയുന്നു. അങ്ങനെ മണികണ്ഠനെ ഇല്ലാതാക്കാന്‍ കൊട്ടാരം വൈദ്യനുമായി ചേര്‍ന്ന് രാജ്ഞിയും മന്ത്രിയും ഒരു പദ്ധതി തയ്യാറാക്കി.

പെട്ടെന്ന് ഒരു ദിവസം രാജ്ഞി വല്ലാത്ത വയറുവേദന നടിച്ചു കിടന്നു. അസഹ്യമായ വേദനയാല്‍ പുളയുന്ന രാജ്ഞിയെ ചികില്‍സിക്കാന്‍ കൊട്ടാരം വൈദ്യന്‍ ഓടിയെത്തി. രാജ്ഞിയെ പരിശോധിച്ച വൈദ്യന്‍, വയറുവേദന മാറാനായി പുലിപ്പാല്‍ കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ പുലിപ്പാല്‍ കൊണ്ടുവരാന്‍ ആരും തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പുലിപ്പാല്‍ പൊണ്ടുവരുന്നവര്‍ക്ക് പകുതി രാജ്യം നല്‍കുമെന്ന് രാജാവ് പ്രഖ്യാപിച്ചു. എന്നിട്ടും ആരും തയ്യാറായില്ല.

ഈ അവസരത്തില്‍ സകലവിധ ആയോധനകലകളിലും നിപുണനായ മണികണ്ഠന്‍ പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകട്ടെയെന്ന് സദസില്‍ വെച്ച് മന്ത്രി രാജാവിനോട് നിര്‍ദ്ദേശിച്ചു. പക്ഷെ രാജാവിനിത് സ്വീകാര്യമായിരുന്നില്ല. പക്ഷെ തന്റെ അമ്മ മഹാറാണിയുടെ രോഗം ഭേദമാക്കാന്‍ പുലിപ്പാലിനായി കാട്ടിലേക്ക് പോകാന്‍ താന്‍ സന്നദ്ധനാണെന്ന് മണികണ്ഠന്‍ അറിയിച്ചു.

അങ്ങനെ കൊടുംവനത്തിലേക്ക് പുലിപ്പാല്‍ തേടിപ്പോയ മണികണ്ഠനെ ശിവഭൂതഗണങ്ങള്‍ അനുഗമിച്ചു. അതിനിടെ ഇന്ദ്രനെ കീഴടക്കി, ദേവലോകം പിടിച്ചടക്കിയ മഹിഷി ദേവന്‍മാരെ നശിപ്പിക്കാനായി ഒരുങ്ങുകയായിരുന്നു. തന്റെ വംശം നശിപ്പിച്ച ദേവന്‍മാരെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ദേവലോകത്തെ നടുക്കിക്കൊണ്ട് അട്ടഹസിച്ചു നിന്ന മഹിഷിയുടെ മുന്നില്‍ നിന്ന് ദേവന്‍മാര്‍ ഓടിയൊളിച്ചു. മഹിഷി നിഗ്രഹിക്കാന്‍ ധര്‍മ്മശാസ്താവിനു മാത്രമെ കഴിയുകയുള്ളുവെന്ന് ദേവേന്ദ്രനും മറ്റു ദേവന്‍മാരും മനസിലാക്കി. പുലിപ്പാല്‍ തേടി വനത്തിലെത്തിയ ധര്‍മ്മശാസ്താവായ മണികണ്ഠന്‍ അവതാര ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ദേവലോകത്തേക്ക് തിരിച്ചു.

ദേവലോകത്തെത്തിയ മണികണ്ഠന്‍ ഉടന്‍തന്നെ മഹിഷിയുമായി ഏറ്റുമുട്ടി. ഏറെ നേരത്തെ പോരാട്ടത്തിനൊടുവില്‍ മഹിഷിയുടെ കൊമ്പില്‍പ്പിടിച്ച് ഉയര്‍ത്തിയ മണികണ്ഠന്‍ ഭൂമിയിലേക്ക് എടുത്തെറിഞ്ഞു. അങ്ങനെ ദേവലോകത്തുനിന്ന് മണികണ്ഠന്‍ എടുത്തെറിഞ്ഞ മഹിഷി അഴുതാനദീതീരത്തു വന്നു വീണു. അവശയായ മഹിഷി അവിടെനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മണികണ്ഠന്‍ അവിടെയെത്തി. അവിടെയും മര്‍ദ്ദനം തുടര്‍ന്ന മണികണ്ഠന്‍ അധികം വൈകാതെ മഹിഷിയുടെ പുറത്തുകയറി നൃത്തവും ആരംഭിച്ചു. തനിക്ക് ശാപമോക്ഷം നല്‍കാനെത്തുന്ന ഹരിഹരപുത്രനാണ് മണികണ്ഠനെന്ന് തിരിച്ചറിഞ്ഞ മഹിഷി കൈകൂപ്പി പ്രാര്‍ത്ഥിച്ചു.

അതേത്തുടര്‍ന്ന് മര്‍ദ്ദനം നിര്‍ത്തിയ മണികണ്ഠന്‍ മഹിഷിയുടെ നെറുകയില്‍ തലോടി. ഉടന്‍തന്നെ അവിടമാകെ പൊന്‍പ്രഭ പരന്നു. മഹിഷിയുടെ ശരീരത്തുനിന്ന് സുന്ദരിയായ ഒരു സ്ത്രീ രൂപം ആവിര്‍ഭവിച്ചു. അങ്ങനെ മണികണ്ഠന്റെ സ്പര്‍ശനത്തോടെ മഹിഷിക്ക് ശാപമോക്ഷം ലഭിച്ചു. മണികണ്ഠനെ സ്തുതിച്ച മഹിഷി, തന്നെ ഭാര്യയായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷെ നിത്യ ബ്രഹ്മചാരിയായ മണികണ്ഠന്‍ മഹിഷിയുടെ ആവശ്യം നിരസിച്ചു. എന്നാല്‍ താന്‍ ശബരിമലയില്‍ പ്രതിഷ്ഠക്കപ്പെടുമ്പോള്‍ സമീപത്ത് മാളികപ്പുറത്തമ്മയായി വാഴാന്‍ മണികണ്ഠന്‍ മഹിഷിയോട് നിര്‍ദ്ദേശിച്ചു. മഹിഷിയെ പരാജയപ്പെടുത്തി ദേവലോകത്തെ മോചിപ്പിച്ച മണികണ്ഠനെ ദേവേന്ദ്രനും സംഘവും സ്തുതിച്ചു. അങ്ങനെ കൊട്ടാരത്തിലേക്ക് മടങ്ങാനൊരുങ്ങിയ മണികണ്ഠനൊപ്പം ദേവേന്ദ്രന്‍ വലിയപുലിയായും ദേവന്‍മാര്‍ പുലികളായും വന്നു.

പുലിപ്പുറത്തിരുന്നു വന്ന മണികണ്ഠനെയും, ഒപ്പമുള്ള പുലിക്കൂട്ടത്തെയും കണ്ട് രാജ്ഞിയും മന്ത്രിയും ഭയന്നുവിറച്ചുപോയി. ധര്‍മ്മശാസ്താവിന്റെ അവതാരമാണെന്ന് തിരിച്ചറിഞ്ഞ രാജ്ഞിയും മന്ത്രിയും രാജാവിനോട് തെറ്റുകള്‍ ഏറ്റുപറഞ്ഞു. കൊട്ടാരത്തിലെത്തിയ മണികണ്ഠനോട് രാജ്ഞിയും കൂട്ടരും ക്ഷമ ചോദിച്ചു. തന്റെ വളര്‍ത്തമ്മയ്ക്ക് മണികണ്ഠന്‍ മാപ്പ് നല്‍കി. കാര്യങ്ങളെല്ലാം മനസിലായതോടെ രാജാവും രാജസദസും മണികണ്ഠനെ സ്തുതിച്ചു. അവതാരലക്ഷ്യം പൂര്‍ത്തിയായതിനാല്‍ താന്‍ തിരിച്ചുപോകുകയാണെന്ന് മണികണ്ഠന്‍ രാജാവിനെ അറിയിച്ചു. എന്നാല്‍ ദൈവാംശമായ മണികണ്ഠനെ പ്രതിഷ്ഠിക്കുന്ന ക്ഷേത്രം നിര്‍മ്മിക്കുന്നതിനും സ്ഥാനനിര്‍ണയത്തിനുമുള്ള വരം നല്‍കണമെന്ന് രാജാവ് ആവശ്യപ്പെട്ടു.

അങ്ങനെ, താന്‍ ഒരു അമ്പെയ്യുമെന്നും അത് വീഴുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാനും മണികണ്ഠന്‍ അനുമതി നല്‍കി. അതിനുശേഷം മണികണ്ഠന്‍ ശബരിക്കുന്നുകള്‍ ലക്ഷ്യമാക്കി അമ്പെയ്തു. മണികണ്ഠന്‍ എയ്ത അമ്പു വീണ ശബരിമലയില്‍ പന്തള രാജാവ് ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. വര്‍ഷംതോറും ശബരിമലയിലെത്തി തന്നെ സന്ദര്‍ശിക്കണമെന്നും മണികണ്ഠന്‍ രാജാവിനോട് നിര്‍ദ്ദേശിച്ചു. ക്ഷേത്രനിര്‍മ്മാണത്തില്‍ രാജാവിന് വേണ്ട ഉപദേശങ്ങള്‍ നല്‍കിയത് അഗസ്ത്യമുനിയാണ്. പതിനെട്ടുപടിയോടു കൂടിയതാകണം ക്ഷേത്രം എന്ന് നിര്‍ദ്ദേശിച്ച അഗസ്ത്യമുനി, മഞ്ചാംബികയ്ക്കും വാചരനും ക്ഷേത്രം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമെത്തിയ ദേവശില്‍പി വിശ്വകര്‍മ്മാവാണ് ശബരിമല ക്ഷേത്രത്തിനായി സ്ഥാനം കണ്ടത്. മണികണ്ഠന്‍ എയ്ത അസ്ത്രം പതിച്ച സ്ഥാനമാണ് വിശ്വകര്‍മ്മാവ് കാട്ടിക്കൊടുത്തത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച ധര്‍മ്മശാസ്താവിന്റെ പൂര്‍ണ്ണകായ വിഗ്രഹമാണ് പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്. മകരസംക്രമമുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ രാജാവും പരിവാരങ്ങളും പൂര്‍ത്തിയാക്കി. മംഗലമുഹൂര്‍ത്തത്തില്‍ പരശുരാമന്‍ പ്രത്യക്ഷപ്പെട്ട് ധര്‍മ്മശാസ്താവിഗ്രഹം പ്രതിഷ്ഠിച്ചു. അതിനുശേഷം ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റു പൂജാവിധികളും പരശുരാമന്‍ നിര്‍ദ്ദേശിച്ചു.

No comments:

Post a Comment