Sunday, November 27, 2011

ശബരിമല ക്ഷേത്രനിര്‍മ്മാണത്തിന്റെ കഥ

E-mailPrintPDF

ശബരിമല ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒന്നിലധികം കഥകള്‍ നിലവിലുണ്ട്. അതില്‍ ഏറ്റവുമധികം പ്രചാരമുള്ള കഥയാണ് ഇവിടെ പ്രതിപാദിക്കുന്നത് . മഹിഷിനിഗ്രഹത്തിലൂടെ അവതാരലക്ഷ്യം പൂര്‍ത്തിയാക്കി മണികണ്ഠന്‍ പന്തളത്ത് തിരിച്ചെത്തുന്ന സമയം.

ധര്‍മ്മശാസ്താവിന്റെ അവതാരമാണ് മണികണ്ഠനെന്ന് തിരിച്ചറിയുന്ന പന്തളരാജാവ് വളര്‍ത്തുപുത്രനോട് ഒരു വരം ആവശ്യപ്പെടുന്നു. ക്ഷേത്രം നിര്‍മ്മിച്ച് തന്നെ പ്രതിഷ്ഠിക്കാനുള്ള വരമാണ് മണികണ്ഠന്‍ പന്തളരാജാവിന് നല്‍കുന്നത്. അതിനായി താന്‍ ഒരു അമ്പെയ്യുമെന്നും അത് പതിക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാനും മണികണ്ഠന്‍ അനുമതി നല്‍കി.

തുടര്‍ന്ന് മണികണ്ഠന്‍ ശബരിക്കുന്നുകള്‍ ലക്ഷ്യമാക്കി അമ്പെയ്തു. അങ്ങനെ മണികണ്ഠന്‍ എയ്ത അമ്പു വീണ ശബരിമലയില്‍ പന്തള രാജാവ് ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. വര്‍ഷംതോറും ശബരിമലയിലെത്തി തന്നെ സന്ദര്‍ശിക്കണമെന്നും മണികണ്ഠന്‍ രാജാവിനോട് നിര്‍ദ്ദേശിച്ചു. ക്ഷേത്രനിര്‍മ്മാണത്തില്‍ രാജാവിന് വേണ്ട ഉപദേശങ്ങള്‍ നല്‍കിയത് അഗസ്ത്യമുനിയാണ്. പതിനെട്ടുപടിയോടു കൂടിയതാകണം ക്ഷേത്രം എന്ന് നിര്‍ദ്ദേശിച്ച അഗസ്ത്യമുനി, മഞ്ചാംബികയ്ക്കും വാപരനും ക്ഷേത്രം നിര്‍മ്മിക്കണമെന്നും ഉപദേശിച്ചു.

ക്ഷേത്രനിര്‍മ്മാണത്തിനായി രാജാവും പരിവാരങ്ങളും യാത്രതിരിച്ച സമയം ദേവകള്‍ അനുഗ്രഹിച്ച് പുഷ്പവൃഷ്ടി നടത്തി. എരുമേലിയിലെത്തിയ രാജാവും പരിവാരങ്ങളും വാപരനു ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് കൊടുംവനത്തിനുള്ളിലൂടെ അഴുതനദി കടന്ന്‍ കുത്തനെയുള്ള മലകള്‍ കയറി പമ്പയിലെത്തി. പമ്പയില്‍ സ്നാനം ചെയ്ത് വിശ്രമിക്കുന്നു. തുടര്‍ന്ന് മലകയറി ശബരി ആശ്രമത്തിലെത്തി ശ്രീഭൂതനാഥനെ വണങ്ങി പ്രാര്‍ത്ഥിക്കുന്നു. അന്നു രാത്രി അവിടെ വിശ്രമിക്കുന്നു. രാത്രിയില്‍ ഉറങ്ങാതെ കിടന്ന രാജാവിനെ വാപരനെത്തി ഭൂതനാഥന്റെയടുക്കല്‍ കൂട്ടിക്കൊണ്ടുപോകുന്നു. ക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി രാജാവിനെ തിരികെ പരിവാരങ്ങളുടെ അരികിലെത്തിക്കുന്നു. ഇതൊന്നും അറിയാതെ മറ്റുള്ളവര്‍ നല്ല ഉറക്കത്തിലായിരുന്നു.

പിറ്റേന്ന് രാവിലെ ക്ഷേത്രനിര്‍മ്മാണത്തിനായി രാജാവും പരിവാരങ്ങളും തയ്യാറെടുത്തു. എന്നാല്‍ ക്ഷേത്രം നിര്‍മ്മാണം തന്റെ പദവിക്ക് ഭീഷണിയാകുമെന്ന് കരുതി ദേവേന്ദ്രന്‍ കാട്ടാളവേഷമണിഞ്ഞ് തടയാനെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. ഒടുവില്‍ മണികണ്ഠന്‍ രാജാവിന് നല്‍കിയ ദിവ്യ ക്ഷുരിക ദേവേന്ദ്രനു നേരെ പ്രയോഗിക്കുന്നു. രക്ഷയില്ലാതെ ഇന്ദ്രന്‍ ശ്രീഭൂതനാഥനെ സമീപിച്ചെങ്കിലും രാജാവിനു മാത്രമെ ദേവേന്ദ്രനെ രക്ഷിക്കാനാകു എന്ന മറുപടിയാണ് ലഭിക്കുന്നത്. അവസാനം രാജാവിന്റയടുത്തെത്തി മാപ്പപേക്ഷിച്ച ദേവേന്ദ്രനോട് രാജാവ് ക്ഷമിക്കുന്നു. ക്ഷേത്രം പണിയുന്നതിനായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ദേവേന്ദ്രന്‍ ദേവലോകത്തേക്ക് മടങ്ങി.

അങ്ങനെ ഇന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമെത്തിയ ദേവശില്‍പി വിശ്വകര്‍മ്മാവാണ് ശബരിമല ക്ഷേത്രത്തിനായി സ്ഥാനം കണ്ടത്. മണികണ്ഠന്‍ എയ്ത അസ്ത്രം പതിച്ച സ്ഥാനമാണ് വിശ്വകര്‍മ്മാവ് കാട്ടിക്കൊടുത്തത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച ധര്‍മ്മശാസ്താവിന്റെ പൂര്‍ണ്ണകായ വിഗ്രഹമാണ് പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്. മകരസംക്രമമുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ രാജാവും പരിവാരങ്ങളും പൂര്‍ത്തിയാക്കി. മംഗളമുഹൂര്‍ത്തത്തില്‍ പരശുരാമന്‍ പ്രത്യക്ഷപ്പെട്ട് ധര്‍മ്മശാസ്താവിഗ്രഹം പ്രതിഷ്ഠിച്ചു. ഇതിനിടയില്‍ മാളികപ്പുറത്തമ്മ, കൊച്ചുകടുത്ത എന്നീ പ്രതിഷ്ഠയും നടത്തി. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റു പൂജാവിധികളും നിര്‍ദ്ദേശിച്ച ശേഷമാണ് പരശുരാമന്‍ മടങ്ങിയത്.

No comments:

Post a Comment