ചരിത്രപുരുഷനായ അയ്യപ്പന്‍
പാണ്ഡ്യദേശത്ത് മന്ത്രിയാല്‍ ചതിയ്ക്കപ്പെട്ട് അധികാരം നഷ്ടമായ രാജാവ്, പ്രാണരക്ഷാര്‍ത്ഥം കുടുംബാംഗങ്ങളോടൊപ്പം പലായനം ചെയ്യുന്നു. ഇവര്‍ എത്തിപ്പെടുന്നത് പന്തളം നാട്ടുരാജ്യത്ത്. അങ്ങനെ അവിടെ പിടിച്ചെടുത്ത് അച്ചന്‍കോവിലാറ്റിന്റെ ഇരുകരകളിലുമായി കൊട്ടാരങ്ങളും മറ്റും സ്ഥാപിച്ച് താമസമാരംഭിച്ചു.
അദ്ദേഹത്തിന്റെ പരദേവതയായിരുന്നു ശാസ്താവ്. ശബരിമലയായിരുന്നു പന്തളരാജാവിന്റെ മുഖ്യ ആരാധനകേന്ദ്രം.
കാട്ടില്‍ നിന്ന് പലഭിച്ച മണികണ്ഠനെ പന്തളരാജന്‍ കൊട്ടാരത്തില്‍ കൊണ്ടുവന്നു സകലവിധ അഭ്യാസമുറകളും പഠിപ്പിച്ച് വീരയോദ്ധാവാക്കി വളര്‍ത്തി. അങ്ങനെ പന്തളരാജാവിന്റെ മുഖ്യ സൈന്യാധിപനായ മണികണ്ഠന്‍ സേനാബലം വര്‍ദ്ധിപ്പിക്കാനായി ശത്രുക്കളുമായി ഏറ്റുമുട്ടി. ഇത്തരത്തില്‍ മണികണ്ഠന്‍ എതിരിട്ട മുസ്ലിം യോദ്ധാവായ വാവര്‍, പിന്നീട് ആത്മസുഹൃത്തായി മാറുന്നു.
ഇതിനിടയില്‍ ശത്രുക്കള്‍ പന്തളരാജന്റെ പരദേവതക്ഷത്രമായ ശബരിമല തകര്‍ക്കുന്നു. ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നതിനും എരുമേലിക്ക് സമീപം ഇഞ്ചിപ്പാറയില്‍ കോട്ടകെട്ടി താമസിച്ചിരുന്ന ശത്രുക്കളെ നേരിടുന്നതിനുമായി അയ്യപ്പന്റെ നേതൃത്വത്തില്‍ സൈന്യം പടയൊരുക്കവുമായി ശബരിമലയിലേക്ക് തിരിച്ചു. സൈന്യത്തെ മൂന്നായി വിഭജിച്ചാണ് അയ്യപ്പന്റെയും കൂട്ടരുടെയും യാത്ര. ശത്രുക്കള്‍ പാര്‍ത്തിരുന്ന ഇഞ്ചക്കല്‍ കോട്ട പിടിച്ചെടുക്കാന്‍ വാവരുടെയും കടുത്തയുടെയും നേതൃത്വത്തില്‍ ഒരു സംഘം. മറ്റൊരു സംഘം തലപ്പാറ കോട്ട കീഴടക്കാനായി പോയി. ഈ രണ്ടു സംഘങ്ങളും എരുമേലിയിലെത്തി പടയൊരുക്കം നടത്തി. യുദ്ധത്തിനായി ഇരുമുടിക്കെട്ടില്‍ ആഹാരസാധനങ്ങളുമായി സംഘത്തിന്റെ യാത്ര. അങ്ങനെ കോട്ട കീഴടക്കിയ സംഘം മറവപ്പടയെ പരാജയപ്പെടുത്തി, അവരുടെ തലവനായ ഉദയനെയും വധിച്ച ശബരിമലയിലേക്ക് യാത്രയാകുന്നു.
അങ്ങനെ എല്ലാവരും സന്തോഷത്താല്‍ പേട്ടതുള്ളി ശബരിമലയിലേക്ക് തിരിക്കുന്നു. വാവരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തിലും വാവര്‍പള്ളിയിലും കയറിയ ശേഷമാണ് യാത്രയാകുന്നത്. പിന്നാലെയെത്തുന്ന ആലങ്ങാട് സംഘം വാവര്‍പള്ളിയില്‍ കയറില്ല. ആദ്യ സംഘത്തോടൊപ്പം വാവര്‍ ശബരിമലയിലേക്ക് പോയതിനാലാണിത്. ഇതിന്റെ പിന്തുടര്‍ച്ചയായാണ് ശബരിമല തീര്‍ത്ഥാടനത്തിലെ പ്രസിദ്ധമായ പേട്ടതുള്ളല്‍ എന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് പമ്പയിലെത്തി സ്നാനവും യുദ്ധത്തില്‍ മരിച്ച യോദ്ധാക്കളുടെ ബലികര്‍മ്മങ്ങളും നടത്തി സദ്യയുമുണ്ട് നീലമല കയറി ശബരിമലയിലേക്ക് പുറപ്പെട്ടു.
അങ്ങനെ ശബരിമലയിലെത്തിയ സംഘം അയ്യപ്പന്റെ നിര്‍ദ്ദേശപ്രകാരം പ്രവേശനകവാടത്തില്‍ ആയുധങ്ങളെല്ലാം ഉപേക്ഷിക്കുന്നു. ഇതിനെ അനുസ്മരിപ്പിച്ചാണ് ശബരിമല തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ശരക്കോലും മറ്റും ശരംകുത്തിയാലിന് സമീപം ഉപേക്ഷിക്കുന്നത്. അങ്ങനെ തികഞ്ഞ ഭക്തിയോടെ അവര്‍ ക്ഷേത്രസന്നിധിയിലെത്തുന്നു. മറവപ്പടെ നശിപ്പിച്ച ക്ഷേത്രം അയ്യപ്പനും സംഘവും ചേര്‍ന്ന് പുനര്‍നിര്‍മ്മിക്കുന്നു. തന്റെ ജന്‍മം സഫലമായതിനെത്തുടര്‍ന്ന് അയ്യപ്പന്‍ ശബരിമലയിലെ ശാസ്താവിഗ്രഹത്തില്‍ ലയിച്ചുചേരുന്നു. അന്നുമുതല്‍ അയ്യപ്പനും ശാസ്താവും ഒന്നായി മാറിയെന്നാണ് ഈ ചരിത്രകഥ പറയുന്നു. ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ എന്നതിനേക്കാള്‍ ശാസ്താവില്‍ ലയിച്ചുചേര്‍ന്ന ബ്രഹ്മചാരിയായ വാരയോദ്ധാവാണ് അയ്യപ്പന്‍ എന്നതാണ് ഈ ചരിത്രകഥയുടെ സാരം.
No comments:
Post a Comment