Saturday, December 3, 2011

നിങ്ങളെ അനുസരിക്കും: iTV



ഗൂഗിള്‍ ടിവിയ്‌ക്ക്‌ ബദലായി പ്രശസ്‌ത കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ആപ്പിളും ഇന്റര്‍നെറ്റ്‌ ടെലിവിഷന്‍ പുറത്തിറക്കുന്നു. ഒട്ടേറെ സവിശേഷതകളുമായി ആപ്പിള്‍ ഇന്റര്‍നെറ്റ്‌ ടിവിയ്‌ക്ക്‌ ഐടിവി എന്നാണ്‌ താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്‌. ആപ്പിളിന്റെ പുതിയ സിരി ആപ്‌ളിക്കേഷന്‌ സമാനമായ അനുഭവം തന്നെയാണ്‌ ഐടിവിയുടെ മുഖ്യ സവിശേഷത.

ഉപയോക്‌താവിന്റെ ശബ്‌ദവും ആംഗ്യങ്ങളും മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഐടിവിയ്‌ക്ക്‌ കഴിയും. ഇതനുസരിച്ച്‌ ചാനല്‍ മാറ്റണമെങ്കിലോ, ശബ്‌ദം നിയന്ത്രിക്കണമെങ്കിലോ ടിവി ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യണമെങ്കിലോ ഉപയോക്‌താവ്‌ പറയുകയോ ആംഗ്യം കാണിക്കുകയോ ചെയ്‌താല്‍ മതിയാകും. ഇലക്‌ട്രോണിക്‌ രംഗത്ത്‌ വിപ്‌ളവം സൃഷ്‌ടിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന ആപ്പിള്‍ ഐടിവി അടുത്ത വര്‍ഷം അവസാനത്തോടെ പുറത്തിറക്കും.

മരിക്കുന്നതിന്‌ മുമ്പ്‌ ആപ്പിള്‍ സ്ഥാപകന്‍ സ്‌റ്റീവ്‌ ജോബ്‌സ്‌ ഐടിവിയെക്കുറിച്ച്‌ സൂചന നല്‍കിയിരുന്നു. ഐക്‌ളൗഡ്‌ സംവിധാനം ഉപയോഗിച്ച്‌ ഉപയോക്‌താവിന്റെ എല്ലാ ഡിജിറ്റല്‍ ഉപകരണങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്‌ ഐടിവി. ഏവരും പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനായാസമായി ഇത്‌ ഉപയോഗിക്കാനാകുമെന്നും സ്‌റ്റീവ്‌ ജോബ്‌സ്‌ പറഞ്ഞിരുന്നു. ഗൂഗിള്‍ ടിവി പോലെ ഒരേസമയം ടെലിവിഷന്‍ ചാനലുകളും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ പര്യാപ്‌തമായിരിക്കും ഐടിവി. ഗൂഗിളിന്റെ സാങ്കേതികവിദ്യയാണെങ്കിലും ഗൂഗിള്‍ ടിവി നിര്‍മ്മിച്ചിരിക്കുന്നത്‌ സാംസങ്ങാണ്‌. എന്നാല്‍ ഐടിവിയുടെ സോഫ്‌റ്റ്‌വെയറും ഹാര്‍ഡ്‌വെയറും വികസിപ്പിക്കുന്നത്‌ ആപ്പിള്‍ തന്നെയാണ്‌. ഐപോഡ്‌, ഐപാഡ്‌, ഐഫോണ്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ പോലെ വിപണിയില്‍ തരംഗം സൃഷ്‌ടിക്കുന്ന ഒന്നായി ഐടിവി മാറുമെന്നാണ്‌ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നത്‌

No comments:

Post a Comment