ഈസ്‌റ്റേണിന്റെ പരസ്യം വേണം; റിപ്പോര്‍ട്ടര്‍ വേറിട്ട ചാനലല്ലാതായി
മലയാള വാര്‍ത്താ ചാനലുകളില്‍ വ്യത്യസ്‌തയാര്‍ന്ന അവതരണത്തിലൂടെയും ജനപക്ഷനിലപാടുകളിലൂടെയും രംഗത്തെത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ ഒടുവില്‍ തനിനിറം കാട്ടി. പരസ്യത്തിനുവേണ്ടി മാധ്യമധര്‍മ്മം കൈവിടാമെന്ന മറ്റു മാധ്യമങ്ങളുടെ പാതയിലേക്ക് റിപ്പോര്‍ട്ടറും എത്തിയിരിക്കുന്നു. ഈസ്‌റ്റേണ്‍ കറിപൗഡറില്‍ വിഷാംശം കലര്‍ന്ന രാസ പദാര്‍ത്ഥം ഉപയോഗിച്ചതായുള്ള വാര്‍ത്ത മറ്റു മാധ്യമങ്ങളെപ്പോലെ റിപ്പോര്‍ട്ടറും മുക്കി. ഇതോടെ ചാനല്‍ ആരംഭിച്ച സമയത്ത് നികേഷ് കുമാര്‍ മുന്നോട്ട് വെച്ച അവകാശവാദം പൊള്ളയായി മാറിയിരിക്കുന്നു.
ഈസ്‌റ്റേണ്‍ പ്‌ളാന്റ് റെയ്‌ഡ് ചെയ്‌ത വാര്‍ത്ത നല്‍കാന്‍ ഒരു മാധ്യമങ്ങളും തയ്യാറായിരുന്നില്ല. പ്രതിവര്‍ഷം ലക്ഷകണക്കിന് രൂപയുടെ പരസ്യമാണ് ഈസ്‌റ്റേണ്‍ കേരളത്തിലെ ഓരോ മാധ്യമങ്ങള്‍ക്കും നല്‍കുന്നത്. ഇത് വാങ്ങുന്നവര്‍ എങ്ങനെ അവര്‍ക്കെതിരായി വാര്‍ത്ത നല്‍കും? എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്‌തമാകുമെന്ന് അവകാശപ്പെട്ടിരുന്ന റിപ്പോര്‍ട്ടറും മറ്റു ചാനലുകള്‍ക്കൊപ്പം ചേര്‍ന്നതോടെ പ്രതിബദ്ധ മാധ്യമപ്രവര്‍ത്തനം പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകര്‍ അപഹാസ്യരായിരിക്കുകയാണ്.
നിയമവിരുദ്ധമായി ഫോണില്‍ സംസാരിച്ച ബാലകൃഷ്‌ണപിള്ളയ്‌ക്കെതിരെ വാര്‍ത്ത നല്‍കുകയും, അഭിമുഖ പരിപാടിയില്‍ ഉമ്മന്‍ചാണ്ടിയെയും കെ എം മാണിയെയും ഉത്തരംമുട്ടിക്കുകയും ചെയ്‌തതോടെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ശ്രദ്ധേയമായി മാറുന്നത്. ജനപക്ഷ വാര്‍ത്തകള്‍ നല്‍കുന്നതിനായി ഒരു ഉന്നതന്റെയും മുഖം നോക്കില്ലെന്നാണ് അന്ന് ചാനല്‍ മേധാവികള്‍ പറഞ്ഞത്. എന്നാല്‍ ഈസ്‌റ്റേണിനെതിരായ വാര്‍ത്ത മുക്കിയതോടെ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പ്രചാരണം ഓണ്‍ലൈനില്‍ ശക്‌തമായിരിക്കുകയാണ്. ഫേസ്‌ബുക്കിലും മറ്റും ഈസ്‌റ്റേണിനെതിരെയും ശക്‌തമായ പ്രചാരണം നടക്കുന്നുണ്ട്
No comments:
Post a Comment