Sunday, January 22, 2012

രജനികാന്ത്‌ ചിത്രത്തില്‍ ശോഭനയും; അസിന്‍ ഇല്ല


E-mailPrintPDF

രജനികാന്തിന്റെ നായികയാകാന്‍ അസിന്‍ ഇനിയും കാത്തിരിക്കണം. രജനിയുടെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന കൊച്ചടിയാന്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള നായികാ വര്‍ത്തമാനം അവസാനിക്കുന്നില്ല. നേരത്തെ അസിനും അനുഷ്‌കയുടെയുമൊക്കെ പേരുകളാണ്‌ പറഞ്ഞുകേട്ടിരുന്നത്‌. എന്നാല്‍ ബോളിവുഡ്‌ താരറാണി കത്രീന കൈഫ്‌ ചിത്രത്തില്‍ നായികയാകുമെന്ന്‌ ഏറെക്കുറെ ഉറപ്പായിരിക്കുന്നു.

മലയാളികളുടെ പ്രിയതാരം ശോഭന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നതാണ്‌ തമിഴകത്തുനിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. മണിരത്‌നം സംവിധാനം ചെയ്‌ത സൂപ്പര്‍ മെഗാഹിറ്റ്‌ ചിത്രമായ ദളപതിയില്‍ ശോഭനയും രജനിയുമൊന്നിച്ച്‌ അഭിനയിച്ചിരുന്നു. ശോഭനയ്‌ക്ക്‌ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ്‌ ലഭിച്ചിരിക്കുന്നത്‌. തമിഴ്‌ നടന്‍ ആദിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. രജനിയുടെ സഹോദരിയായ നടി സ്‌നേഹയും ചിത്രത്തിലുണ്ട്‌. സംവിധായകനും തിരക്കഥാകൃത്തുമായ കെ എസ്‌ രവികുമാറാണ്‌ ചിത്രത്തിന്‌ കഥയും തിരക്കഥയുമെഴുതിയിരിക്കുന്നത്‌. നേരത്തെ രവികുമാര്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ റാണ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കാനിരിക്കെയാണ്‌ രജനികാന്ത്‌ അസുഖബാധിതനാകുന്നത്‌. തുടര്‍ന്ന്‌ റാണ ഉപേക്ഷിച്ചിരുന്നു. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്‌ ഓസ്‌ക്കാര്‍ ജേതാവ്‌ എ ആര്‍ റഹ്‌മാനാണ്‌. ത്രീഡി ആനിമേഷന്‍ സാങ്കേതികവിദ്യയുടെ അകമ്പടിയോടെയാണ്‌ കൊച്ചടിയാന്‍ ചിത്രീകരിക്കുക.

No comments:

Post a Comment