Friday, March 2, 2012

41 എംപി ക്യാമറയുമായി നോകിയ 808 പ്യൂവര്‍വ്യൂ


E-mailPrintPDF

ഒരു ഫോണിന്‌ 41 മെഗാപിക്‌സലുള്ള ക്യാമറയോ? ആരുമൊന്ന്‌ നെറ്റി ചുളിക്കും അല്ലേ.. എന്നാല്‍ സംഗതി യാഥാര്‍ത്ഥ്യമായിരിക്കുന്നു. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ്‌ കോണ്‍ഗ്രസിലാണ്‌ 41 മെഗാപിക്‌സല്‍ ക്യാമറയുള്ള നോകിയ 808 പ്യൂവര്‍വ്യൂ സ്‌മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്‌. മൊബൈല്‍ ക്യാമറകള്‍ വികസിപ്പിക്കുന്നതില്‍ പ്രശസ്‌തമായ കാള്‍ സീസ്‌ എന്ന കമ്പനിയാണ്‌ നോകിയയ്‌ക്ക്‌ വേണ്ടി 41 എംപി ക്യാമറ തയ്യാറാക്കിയത്‌.

ഭാവിയില്‍ നോകിയയുടെ എല്ലാ ഫോണുകളിലും 41 എം പിയോ അതിനന്‌ മുകളിലോ ഉള്ള ക്യാമറകളുണ്ടാകുമെന്ന്‌ നോകിയ വക്‌താവ്‌ അറിയിച്ചു. 41 എം പി ക്യാമറയാണുള്ളതെങ്കിലും ഉപയോക്‌താവിന്റെ താല്‍പര്യം അനുസരിച്ച്‌ രണ്ട്‌ എം പി, അഞ്ച്‌ എം പി, എട്ട്‌ എം പി, 16 എം പി എന്നിങ്ങനെ വ്യത്യസ്‌ത റെസൊല്യൂഷനോട്‌ കൂടിയ ചിത്രങ്ങളും നോകിയ 808 പ്യൂവര്‍വ്യൂ ഫോണ്‍ ഉപയോഗിച്ച്‌ എടുക്കാം. ഫോട്ടോ എടുക്കുന്നതിന്‌ പുറമെ ഉന്നത റെസൊല്യൂഷനോട്‌ കൂടിയ വീഡിയോയും ചിത്രീകരിക്കാന്‍ ഈ ഫോണിന്‌ സാധിക്കും.

കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിന്റെ കാര്യത്തില്‍ 808 പ്യൂവര്‍വ്യൂ ഫോണ്‍ ഒരു പോരായ്‌മയായി മാറിയേക്കാം. പുതിയ നോകിയ ഫോണുകളെല്ലാം വിന്‍ഡോസിന്റെ പുതിയ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിലേക്ക്‌ മാറുന്ന ഇക്കാലത്ത്‌ പഴയ സിംബിയന്‍ ബെല്ലെ ഒ എസിലാണ്‌ നോകിയ 808ന്റെ വരവ്‌. ഇത്‌ പ്യൂവര്‍വ്യൂ ഫോണിന്റെ തിളക്കം കുറയ്‌ക്കുന്നു. പോറല്‍ വീഴാതിരിക്കാന്‍ ഗൊറില്ല ഗ്‌ളാസോട്‌ കൂടിയ നാല്‌ ഇഞ്ച്‌ അമോലെഡ്‌ ഡിസ്‌പ്‌ളേ, 1.3 ജിഗാഹെര്‍ട്‌സ്‌ പ്രോസസര്‍, 16 ജിബി ഓണ്‍സ്‌റ്റോര്‍ മെമ്മറി എന്നിവയാണ്‌ മറ്റ്‌ സവിശേഷതകള്‍. മെയ്‌ മാസത്തിലാണ്‌ നോകിയ 808 പ്യൂവര്‍വ്യൂ ഫോണ്‍ വിപണിയിലെത്തുക. ഏകദേശം 34,000 രൂപയായിരിക്കും ഇതിന്‌ ഇന്ത്യയിലെ വില.

No comments:

Post a Comment