Friday, March 2, 2012

പത്തു രൂപയ്‌ക്ക്‌ എംപിത്രീ പാട്ടുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാം


E-mailPrintPDF

ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്‌. നമുക്ക്‌ ആവശ്യമുള്ളതെല്ലാം ഓണ്‍ലൈനില്‍ വാങ്ങാനാകും. മുമ്പൊക്കെ, ഇ-ബേ, ആമസോണ്‍ തുടങ്ങിയ സൈറ്റുകളാണ്‌ ഓണ്‍ലൈന്‍ ഷോപ്പിംഗിലെ അതികായരെങ്കില്‍ ഇപ്പോള്‍ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ഡോട്ട്‌ കോം എന്ന സൈറ്റ്‌ ചുരുങ്ങിയ കാലം കൊണ്ട്‌ ഈ രംഗത്ത്‌ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയിരിക്കുന്നു. ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിയിലും ഇപ്പോള്‍ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ തന്നെയാണ്‌ താരം.

ആദ്യമൊക്കെ പുസ്‌തകങ്ങളായിരുന്നു ഫ്‌ളിപ്പ്‌കാര്‍ട്ടിലെ പ്രധാന ആകര്‍ഷണമെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ഫോണ്‍, കംപ്യൂട്ടറുകള്‍, ക്യാമറകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍, സിഡി, ഡിവിഡി അങ്ങനെയെന്തും ഫ്‌ളിപ്പ്‌കാര്‍ട്ടില്‍ വാങ്ങാനാകും. ഏറ്റവും പുതിയതായി 10 രൂപ മുടക്കിയാല്‍ നിയമവിധേയമായി എംപിത്രീ ഫയലുകള്‍ ഫ്‌ളിപ്പ്‌കാര്‍ട്ടില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്ന വാര്‍ത്തയാണ്‌ പുറത്തുവരുന്നത്‌. ഈ മാസം തന്നെ ഈ സൗകര്യം നിലവില്‍ വരും. മുംബയ്‌ കമ്പനിയായ മൈം360, ചക്‌പാക്‌ എന്നിവയുമായി ചേര്‍ന്നാണ്‌ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ എംപിത്രീ ഡൗണ്‍ലോഡ്‌ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത്‌.

ഫ്‌ളിപ്പ്‌കാര്‍ട്ടിന്റെ എംപിത്രീ ഡൗണ്‍ലോഡ്‌ സേവനത്തിന്‌ ഫ്‌ളൈറ്റെ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. മൈം360 എന്ന കമ്പനിയ്‌ക്ക്‌ ലോകപ്രശസ്‌ത സംഗീത പ്രസാധകരായ യൂണിവേഴ്‌സല്‍, സരിഗമ മ്യൂസിക്‌, ഇന്ത്യടൈംസ്‌ എന്നിവയുമായി പങ്കാളിത്തമുണ്ട്‌. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഒട്ടുമിക്ക ഗാനങ്ങളും ഫ്‌ളൈറ്റെ വഴി ഡൗണ്‍ലോഡ്‌ ചെയ്യാനാകും. വളരെ ലളിതമായ പേയ്‌മെന്റ്‌ ഓപ്‌ഷനാണ്‌ ഫ്‌ളിപ്പ്‌കാര്‍ട്ടിന്റെ മറ്റൊരുസവിശേഷത. അതുകൊണ്ടുതന്നെ വളരെപെട്ടെന്ന്‌ തന്നെ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ മ്യൂസിക്‌ വിപണി ഹിറ്റായി മാറുമെന്നാണ്‌ ഈ രംഗത്തെ പ്രമുഖര്‍ പറയുന്നത്‌.

No comments:

Post a Comment